palace
തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുന്നാൾ ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി ആലുവ പാലസിൽ ജീവനക്കാർക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ

ആലുവ: മാർത്താണ്ഡവർമ്മ മഹാരാജാവ് വേനൽക്കാല ഉല്ലാസകേന്ദ്രമായി പെരിയാർ തീരത്ത് നിർമ്മിച്ച ആലുവ പാലസിൽ ഏറെക്കാലത്തിന് ശേഷം തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുന്നാൾ ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടിയെത്തി. മണിക്കൂറുകളോളം ആലുവ പാലസിൽ ചെലവഴിച്ച തമ്പുരാട്ടി ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.

കളമശേരിയിൽ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ സംഘടിപ്പിച്ച അക്ഷയപ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യാനാണ് തമ്പുരാട്ടിയെത്തിയത്. കുട്ടിക്കാലത്തെ മധുരസ്മരണകൾ ഒാളം തള്ളുന്ന ആലുവ പാലസിലായിരുന്നു തമ്പുരാട്ടിക്ക് വിശ്രമിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയിരുന്നത്. പാലസിൽ മാതാപിതാക്കൾക്കൊപ്പം ചെറുപ്പത്തിൽ താമസിക്കാൻ വന്ന വിശേഷങ്ങളെല്ലാം പാലസ് ജീവനക്കാരുമായി പങ്കുവച്ചു. വർഷങ്ങൾക്ക് മുമ്പ് പഴയ പാലസിൽ തങ്ങിയിട്ടുണ്ടെങ്കിലും പുതിയ ബ്ളോക്ക് നിർമ്മിച്ച ശേഷം ആദ്യമായാണ് എത്തിയത്. അനക്സ് ബിൽഡിംഗും ഭക്ഷണവുമെല്ലാം ഇഷ്ടമായെന്നറിയിച്ച തമ്പുരാട്ടി പാലസ് ജീവനക്കാർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയുമെടുത്ത ശേഷമാണ് മടങ്ങിയത്.