കൊച്ചി: പാലാരിവട്ടം ഫ്‌ളൈഓവർ മാത്രമല്ല ആക്ഷേപം ഉയർന്ന മറ്റ് പാലങ്ങളുടെ നിർമാണങ്ങളെക്കുറിച്ചും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും യു.ഡി.എഫിന്റെ കാലത്ത് നിർമിച്ച പാലങ്ങളുടെ ബലക്ഷയത്തെക്കുറിച്ച‌് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇവയെല്ലാം അന്വേഷണ വിധേയമാക്കണം. വിജിലൻസ് അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് പാലാരിവട്ടം ഫ്‌ളൈഓവറിലെ നിർമാണത്തിലെ അഴിമതി പുറത്തുവരും. ഇബ്രാഹിം കുഞ്ഞ് എം.എൽ.എയുടെ രാജിയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൽ.ഡി.എഫ് പാലാരിവട്ടത്ത‌് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനാണ‌് എൽ.ഡി.എഫ‌് സർക്കാർ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സോഷ്യൽ ഒാഡിറ്റ‌് നടത്താൻ തീരുമാനിച്ചത്. ഫ്‌ളൈഓവറിന്റെ അഴിമതിയിൽ ഒന്നാം നമ്പർ ഉത്തരവാദി അന്ന‌് ആർ.ബി.ഡി.സി.കെ ചെയർമാനായിരുന്ന അന്നത്തെ പൊതുമരാമത്ത‌് മന്ത്രി ഇബ്രാഹിം കുഞ്ഞാണ‌്. ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേർത്ത‌് അന്വേഷണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ഫ്ളൈഓവർ കോടിയേരി ബാലകൃഷ്ണനും മന്ത്രി എം.എം. മണിയും സന്ദർശിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. രാജീവും ജില്ലാ സെക്രട്ടറി സി.എൻ മോഹനനും ഒപ്പമുണ്ടായിരുന്നു.