കൊച്ചി: എറണാകുളം ജില്ലയിലെ ഡോക്ടർമാരുടെ പ്രവർത്തനങ്ങൾ രാജ്യത്തിന് ഒട്ടാകെ മാതൃകാപരമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. കൊച്ചി ഐ.എം.എയുടെ ആഭിമുഖ്യത്തിൽ ഐ.എം.എ ഹൗസിൽ സംഘടിപ്പിച്ച ദേശീയ ഡോക്ടേഴ്‌സ് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയകാലത്ത് ആലപ്പുഴയിലെ ക്യാമ്പുകളിൽ പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാതിരിാൻ മുൻകരുതലുകൾ എടുത്ത ഡോക്ടർമാരിൽ ഭൂരിഭാഗവും എറണാകുളം ജില്ലയിൽ നിന്നുള്ളവരാണെന്നും അദ്ദേഹം അനുസ്മരിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ റൊട്ടേറിയൻ മാധവചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന ഐ.എം.എ അംഗങ്ങളായ ഡോ. കെ.എ. ക്ലമന്റ്, ഡോ. ശാന്താവാര്യർ എന്നിവരെ ആദരിച്ചു. പത്താംക്ലാസിലും പ്ലസ്ടുവിനും ഉന്നതവിജയം കരസ്ഥമാക്കിയ 17 കുട്ടികളെ ചടങ്ങിൽ കാഷ് അവാർഡ് നൽകി അനുമോദിച്ചു. ഐ.എം.എ പ്രസിഡന്റ് ഡോ.എം.ഐ. ജുനൈദ് റഹ്മാൻ, സെക്രട്ടറി ഡോ .ഹനീഷ് മീരാസ, ട്രഷറർ ഡോ. വിനോദ് പത്മനാഭൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എൻ.എസ്.ഡി രാജു, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ.എൻ. ദിനേശ് തുടങ്ങിയവർ പ്രസംഗിച്ചു.