കോലഞ്ചേരി: കാക്കിക്കാരെ ഭയക്കാതെ കുട്ടികൾക്ക് ഇനി ശിശു സൗഹൃദ പൊലീസ് സ്റ്റേഷനിൽ കടന്നുചെല്ലാം. വരകളുടെയും വർണങ്ങളുടെയും ലോകം കുട്ടികൾക്കായി ഒരുക്കി റൂറൽ ജില്ലയിൽ മൂന്ന് ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകൾ തുറക്കുന്നു. കുന്നത്തുനാട്, പുത്തൻകുരിശ്, മുനമ്പം സ്റ്റേഷനുകളാണ് ആദ്യ ഘട്ടത്തിൽ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകളാക്കുന്നത്.
കുട്ടികളിൽ രാജ്യസ്നേഹവും നിയമബോധവും വളർത്തിയെടുക്കുന്നതിന് ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണിത്. കളിപ്പാട്ടങ്ങൾ, പത്രമാസികകൾ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ, ടി വി, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളും, കൊച്ചു കുട്ടികളുമായി എത്തുന്ന അമ്മമാർക്ക് മുലയൂട്ടുനുള്ള സൗകര്യവും ഇവിടെ ഒരുക്കും. ഇതിനായുള്ള കെട്ടിടങ്ങൾ സജ്ജമാക്കിത്തുടങ്ങി. സ്റ്റേഷൻ ചുമതലയുള്ള എസ്.എച്ച്.ഒ മാരായി സി.ഐ മാരെ നിയമിച്ചതോടെ സി.ഐ മാർക്കായി നിർമ്മിച്ച പ്രത്യേകം കെട്ടിടങ്ങളിൽ ഒഴിവു വന്നിടത്താണ് ശിശു സൗഹൃദ സ്റ്റേഷനുകൾ നിർമ്മിക്കുന്നത്. ചൈൽഡ് ആൻഡ് പൊലീസ് (ക്യാപ്പ്) എന്ന പദ്ധതിയിലൂടെ പൊലീസ് സ്റ്റേഷനുകൾ എന്ന് തോന്നാത്ത വിധം എല്ലാ വിധ സൗകര്യങ്ങളോടെയാണ് നിർമ്മാണം പൂർത്തിയാക്കുന്നത്. യുനസ്കോ പദ്ധതിയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്. ഇതിനായുള്ള പരിശീലനം ആലുവയിൽ തുടങ്ങി.