കിഴക്കമ്പലം: യാത്രചെയ്യാൻ നല്ല റോഡുണ്ടെങ്കിലും ബസില്ലാത്തതിന്റെ ദുരിതമനുഭവിക്കുകയാണ് പഴങ്ങനാട്ടുകാർ. പഴങ്ങനാട് നിന്ന് എറണാകുളത്തേക്ക് പോകാൻ പഴങ്ങനാട് കപ്പേളപ്പടി വഴി എളുപ്പവഴിയുണ്ടെങ്കിലും ബസില്ലാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്. ഇതിലൂടെ ബസ് സർവീസ് വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു നേരെ അധികൃതർ കണ്ണടയ്ക്കുകയാണ്.
പഴങ്ങനാട് നിന്നും കടമ്പ്രയാർ വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള വഴിയും ഇതു തന്നെയാണ്. ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്ന് പുക്കാട്ടുപടിയിൽ എത്തി എറണാകുളത്തേക്ക് പോകുന്നവർക്ക് പഴങ്ങനാട് കപ്പേളപ്പടി കടമ്പ്രയാർ തെങ്ങോട് കാക്കനാട് വഴി എറണാകുളത്തെത്താൻ എളുപ്പമാണ്. അഞ്ചു കിലോമീറ്ററോളം ദൂരക്കുറവുമുണ്ട്. ഒട്ടേറെ സ്വകാര്യ വാഹനങ്ങൾ ഇതുവഴി പോകുന്നുണ്ടെങ്കിലും ബസുകൾ അനുവദിച്ചിട്ടില്ല. ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്ന് പുക്കാട്ടുപടിവഴിയുള്ള ബസുകൾ ചിലതെങ്കിലും പഴങ്ങനാട് വഴി തിരിച്ചുവിടണമെന്നാണ് ആവശ്യം. കാക്കനാട് നിന്ന് പുക്കാട്ടുപടിയിലേക്ക് പഴങ്ങനാട് വഴി സിറ്റി സർവീസ് ആരംഭിച്ചാൽ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിനും പ്രയോജനപ്പെടുമെന്ന് പ്രദേശവാസികൾ പറയുന്നു.