കിഴക്കമ്പലം: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയിൽ മികച്ച സേവന പ്രവർത്തനങ്ങൾക്ക് ഡി വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പള്ളിക്കര ലയൺസ് ക്ലബിന് ഡിസ്ട്രിക്ട് ഗവർണർ അഡ്വ. വാമനകുമാർ പുരസ്‌കാരം നൽകി. ഇതോടനുബന്ധിച്ച് മികച്ച ക്ലബ് പ്രസിഡന്റിനുള്ള പുരസ്‌കാരം പള്ളിക്കര ലയൺസ് ക്ലബിലെ ജോർജ് വി. പോളിനു ലഭിച്ചു. ലയൺസ് സ്‌നേഹഭവന നിർമ്മാണം, സ്‌കൂൾ കുട്ടികൾക്കുള്ള സൗജന്യ ഉച്ചഭക്ഷണ പദ്ധതി, കാഴ്ചവൈകല്യമുള്ള കുട്ടികളെ കണ്ടെത്തി ചികിത്സാസഹായം, വ്യക്തിഗത ചികിത്സാസഹായ പദ്ധതി, അപകടസാദ്ധ്യത കൂടിയ മേഖലകളിൽ കോൺവെക്‌സ് മിറർ സ്ഥാപിക്കൽ, അംഗൻവാടി കുട്ടികൾക്ക് പഠനസഹായ വിതരണം, പാലിയേ​റ്റീവ് കിടപ്പുരോഗികൾക്കുള്ള സഹായം, പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ വസ്ത്രങ്ങളും ഭക്ഷണവും മരുന്നുകൾ വിതരണം ചെയ്യൽ ,കുന്നത്തുനാട് മണ്ഡലത്തിലെ 28 സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത 120 കുട്ടികൾക്ക് വ്യക്തിത്വവികസന ക്യാമ്പ് നടത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പള്ളിക്കര ലയൺസ് ക്ലബിന് അവാർഡ് ലഭിച്ചത്.

റീജിയണൽ ചെയർമാൻ പി.വി.ജേക്കബ്, ക്ലബ് ഭാരവാഹികളായ സാബു പീ​റ്റർ, പി.വി. ഏലിയാസ്, വർഗീസ് പാങ്കോടൻ, എൽദോ ജോൺ, അനീഷ് ജോൺ, എൽദോ പോൾ, എം.കെ. വർഗീസ്, സണ്ണി പോൾ തുടങ്ങിയവർ സംസാരിച്ചു.