കൊച്ചി: ആരാണ് ആ യുവതി..? കൊലപ്പെടുത്തിയശേഷം എന്തിനാണ് മുഖം വികൃതമാക്കിയത്..? അരുംകൊലയ്ക്ക് പിന്നിൽ പുരുഷനോ സ്ത്രീയോ? ചോദ്യങ്ങൾ നിരവധിയാണ്. എന്നാൽ, ഉത്തരം മാത്രമില്ല. അന്വേഷണ സംഘത്തെ വെള്ളംകുടിപ്പിച്ച കോതമംഗലം അയിനിച്ചാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത് സംബന്ധിച്ച കേസന്വേഷണം പൂട്ടിക്കെട്ടിയപ്പോഴും നിഴലിച്ച് നിൽക്കുന്നത് അടിമുടി ദുരൂഹത. 2017 മാർച്ച് 31നാണ് വേട്ടമ്പാറ അയിനിച്ചാൽ ഭാഗത്ത് പെരിയാറിൽ, നാലു ദിവസത്തോളം പഴക്കമുള്ള നാൽപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പൂർണ നഗ്നമായ മൃതദേഹത്തിൽ നിന്ന് വലതുകൈ അറുത്തുമാറ്റിയ നിലയിലായിരുന്നു. യുവതിയുടെ മുഖവും വികൃതമാക്കപ്പെട്ടിരുന്നു. ഈ രണ്ട് കാരണങ്ങളാണ് പൊലീസിനെ സംശയങ്ങളുടെ ആഴത്തിലേക്ക് തള്ളിവിട്ടത്.
അതേസമയം യുവതിയുടെ മൃതദേഹം തേടി ഇതുവരെ എത്തിയത് അഞ്ച് കുടുംബങ്ങളാണ്. എന്നാൽ, ഡി.എൻ.എ പരിശോധന ഇവർക്ക് അനുകൂലമായിരുന്നില്ല. സമാനപ്രായത്തിൽ യുവതികളെ കാണാതായതായി ഇതുവരെ പരാതിയൊന്നും ലഭിക്കാത്തതും അന്വേഷണം വഴിമുട്ടിച്ചു. മൃതദേഹം കണ്ടെത്തി അടുത്ത ദിവസം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്തങ്കിലും യുവതിയുടെ ആന്തരിക അവയവങ്ങൾ അഴുകിയ നിലയിലായതിനാൽ പോസ്റ്റുമോർട്ടം പൂർത്തിയായില്ല. ഡി.എൻ.എ പരിശോധനാ ഫലവും ആന്തരിക അവയവങ്ങളുടെ കെമിക്കൽ പരിശോധനാ ഫലവും ഒത്തുനോക്കി നടത്തിയ അന്വേഷണവും പൊലീസിനെ എങ്ങും എത്തിച്ചില്ല. കൈവെട്ടി മാറ്റിയത് മരണത്തിന് മുമ്പാണോ ശേഷമാണോ എന്നും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
യുവതിയുടെ മൃതദേഹം സംബന്ധിച്ച് സംസ്ഥാന വ്യാപക അന്വേഷണമാണ് പൊലീസ് നടത്തിയത്. മൃതദേഹം ആരുടെതെന്ന് കണ്ടെത്തുകയായിരുന്നു ആദ്യ ലക്ഷ്യം. ഇതിനായി നാല് മാസത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാണാതായ യുവതികളുടെ പേരു വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഈ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലും ഒരു തുമ്പും ലഭിച്ചില്ല. തുടർന്ന് ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതിയുടെ മൃതദേഹമാണോ എന്ന സംശയത്തിൽ ഊരുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ, അതിലും കാര്യമായ തെളിവൊന്നും പൊലീസിന് ലഭിച്ചില്ല.
സംശയം ഏറെ
മൃതദേഹം കണ്ട സ്ഥലം വനാതിർത്തിയാണ്. ആൾത്താമസവും കുറവാണ്. എന്നാൽ, കിലോമീറ്ററുകൾക്കപ്പുറം പാണിയേലി പോര് വിനോദ സഞ്ചാര കേന്ദ്രവും അതിനോട് ചേർന്ന് റിസോർട്ടുകളും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ എവിടെയെങ്കിലുംവച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം പെരിയാറിൽ തള്ളിയതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കൊലപാതക ശ്രമത്തിനിടെയായിരിക്കാം വരിയെല്ലിന് ക്ഷതമേറ്റതെന്നും കരുതുന്നു. അതേസമയം, ആത്മഹത്യയ്ക്കിടെയുണ്ടായ പരിക്കാണോ ഇതെന്നും സംശയിക്കുന്നു. എന്നാൽ, കൈ അറുത്തുമാറ്റിയ നിലയിൽ കണ്ടെത്തിയതിനാൽ സംഭവം കൊലപാതകത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ജല ജീവികളുടെ ആക്രമണവും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.