against-cardinal

കൊച്ചി: സ്ഥലമിടപാട് വിവാദങ്ങൾ കെട്ടടങ്ങും മുമ്പ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നീക്കുകയും സഹായ മെത്രാന്മാരെ പുറത്താക്കുകയും ചെയ്തതിനെതിരെ ഭൂരിപക്ഷം വൈദികരും രംഗത്തിറങ്ങിയതോടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭിന്നത പൊട്ടിത്തെറിയുടെ വക്കിലെത്തി. ആഗസ്റ്റിലെ സഭാ സിനഡ് യോഗത്തിൽ രമ്യതയുണ്ടായില്ലെങ്കിൽ കടുത്ത നടപടിക്കാണ് വൈദികർ ഒരുങ്ങുന്നത്.

ശിക്ഷാനടപടികൾ എന്തുണ്ടായാലും കർദ്ദിനാളിനെതിരെ ഉറച്ചുനിൽക്കാനാണ് കൊച്ചി​യി​ൽ ചേർന്ന വൈദി​കരുടെ യോഗത്തി​ന്റെ തീരുമാനം. കർദ്ദിനാൾ ആലഞ്ചേരിയോട് യാതൊരു വിധത്തിലും സഹകരിക്കില്ലെന്ന തീരുമാനത്തിലാണ് വൈദികർ. കർദ്ദിനാളിന്റെ സർക്കുലറുകളും കല്പനകളും ഇടയലേഖനങ്ങളും പള്ളികളിൽ വായിക്കില്ലെന്നും പള്ളികൾ അതിരൂപതയ്ക്കു നൽകേണ്ട വിഹിതം നൽകി​ല്ലെന്നുമുള്ള വൈദി​കരുടെ തീരുമാനം നടപ്പായാൽ അതിരൂപതാ ഭരണം പ്രതിസന്ധിയിലാകും.

പ്രാദേശികവാദവും

സീറോ മലബാർ സഭയുടെ ആസ്ഥാന അതിരൂപതയാണ് എറണാകുളം അങ്കമാലി. ചങ്ങനാശേരി അതിരൂപതാ അംഗമാണ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി. ആന്റണി പടിയറ മാത്രമാണ് മുമ്പ് പുറത്തു നിന്ന് ആർച്ച് ബിഷപ്പായത്. പുറം രൂപതയിലെ ബിഷപ്പിനെ വേണ്ടെന്നാണ് വൈദികരുടെയും വിശ്വാസികളുടെയും നിലപാട്. ഈ പ്രാദേശികവാദവും കർദ്ദിനാളിനെതിരായ നീക്കത്തിലുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പിനെ നിയമിക്കണമെന്ന ആവശ്യം ഇതുപ്രകാരമാണ്.

നേരറിയാനാകാതെ വിശ്വാസികൾ

രൂപതയിലെ പ്രശ്നങ്ങളുടെ പേരിൽ പ്രാദേശിക സഭയുടെ ആത്മീയ തലവനായ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ പ്രതിസ്ഥാനത്തു നിറുത്തുന്നത് വിശ്വാസികളിലും ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രശ്നം രമ്യമായി പരിഹരിക്കാൻ ഒരു ശ്രമവുമുണ്ടായില്ലെന്ന് ഒരുവിഭാഗം വിശ്വാസികൾക്ക് പരാതിയുമുണ്ട്.

ആഗസ്റ്റിൽ നടക്കുന്ന സമ്പൂർണ സിനഡ് യോഗത്തിൽ പരിഹാരമുണ്ടായില്ലെങ്കിൽ വൈദികർ കടുത്ത നിലപാട് സ്വീകരിക്കും. ഇത് സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളിയായി മാറും.

ഭരണത്തിന് പ്രത്യേക ആർച്ച് ബിഷപ്പ് വേണം

അതിരൂപതയ്ക്ക് അഡ്മിനിസ്ട്രേറ്റീവ് ആർച്ച് ബിഷപ്പ് പദവി നൽകണം. ഇദ്ദേഹം ഞങ്ങളെ അറിയുന്നവരും ഞങ്ങളിൽ ഒരുവനും അതിരൂപതയുടെ താത്പര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നയാളുമാകണം.

ഫാ. ജോസ് വൈലിക്കോടത്ത്

വൈദികവിഭാഗം വക്താവ്

എറണാകുളം അതിരൂപത

ആകെ വൈദികർ : 460

യോഗത്തിൽ പങ്കെടുത്തത് : 251

സ്ഥലത്തില്ലാത്തവർ : 100

വിശ്രമജീവിതം നയിക്കുന്നവർ : 60

കർദ്ദിനാൾ അനുകൂലികൾ : 49