കൊച്ചി: മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിൽ നടന്ന എല്ലാ പ്രവൃത്തികളും വിശദമായി അന്വേഷിക്കണമെന്നും അടുത്ത ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും എൻ.സി.പി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളെല്ലാം കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ മേൽനോട്ടത്തിൽ ടെൻഡർ ക്ഷണിച്ച് പ്രവൃത്തികൾ സമയബന്ധിതമായി തീർക്കുന്ന സംവിധാനം കൊണ്ടുവന്നത് ഇടതുമുന്നണിയുടെ കഴിഞ്ഞ ഭരണകാലത്താണ്. തുടർന്ന് വന്ന യു.ഡി.എഫ് ഈ സംവിധാനത്തെ ദുരുപയോഗം ചെയ്തു. ടെൻഡർ ചെയ്ത പ്രവൃത്തികൾ തീരുമ്പോഴേക്കും പത്തുമുതൽ നാല്പത്തഞ്ച് ശതമാനംവരെ തുക അധികരിച്ച് നൽകുകയാണ് ചെയ്തിരിക്കുന്നത്. ഇങ്ങനെ കിട്ടുന്ന തുക വീതംവെക്കുന്ന സംവിധാനം ഉണ്ടാക്കിയെടുക്കുകയായിരുന്നു. ഇതിനായി കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാനെത്തന്നെ പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. വിരമിച്ച ആളുകളുടെയും അവരുടെ ബന്ധുക്കളുടെ പേരിലുമെല്ലാം കൺസൾട്ടൻസി കമ്പനികൾ ഉണ്ടാക്കി പദ്ധതി റിപ്പോർട്ടുകൾ ഉണ്ടാക്കുകയും അവരുടെ സുഹൃത്തുക്കളെത്തന്നെ ടെൻഡറിൽ ഉൾപ്പെടുത്തി നൽകുകയും ചെയ്തുവെന്ന് നേതാക്കൾ പറഞ്ഞു. എൻ.സി.പി ദേശീയ സെക്രട്ടറി എൻ.എ. മുഹമ്മദ് കുട്ടി, ജില്ലാ പ്രസിഡന്റ് അശോകൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.