വൈപ്പിൻ: വൈപ്പിൻ കരയിലേക്ക് അനുവദിക്കപ്പെട്ടിട്ടുള്ള കുടിവെള്ളം മറ്റ് പ്രദേശങ്ങളിലേക്ക് ചോർത്തി നൽകുന്നത് അവസാനിപ്പിക്കണമെന്ന് വൈപ്പിൻ കുടിവെള്ള സമരസമിതി ആവശ്യപ്പെട്ടു. ഹഡ്‌കോ കുടിവെള്ള പദ്ധതിയുടെ ഓഗ്‌മെന്റേഷൻ പ്രൊജക്ട് വഴി വൈപ്പിൻ ദ്വീപിലെ എളങ്കുന്നപ്പുഴ, ഞാറക്കൽ പഞ്ചായത്തുകളിൽ പ്രതിദിനം 10 ദശലക്ഷം ലിറ്റർ കുടിവെള്ളം ലഭ്യമാക്കുമെന്ന് സർക്കാർ തീരുമാനിക്കുകയും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. അത് പ്രകാരം ആലുവയിൽ നിർമ്മിച്ച ഹഡ്‌കോ ജല ശുദ്ധീകരണ പ്ലാന്റിൽ നിന്നും പൂക്കാട്ടുപടി വഴി പ്രത്യേക പൈപ്പിട്ട് വടുതലയിൽ ഇതിനായി നിർമ്മിച്ച ടാങ്കിലേക്കും അവിടെ നിന്നും പുതുവൈപ്പിൽ നിർമ്മിച്ച ടാങ്കിലേക്കും അവിടെ നിന്നും പൊതുജനങ്ങൾക്ക് കുടിവെള്ള വിതരണം ചെയ്യുന്ന പദ്ധതിയായിട്ടാണ് ഹഡ്‌കോ വൈപ്പിൻ ഓഗ്‌മെന്റേഷൻ പ്രൊജക്ട്. ഈ പദ്ധതി പ്രാവർത്തികമാക്കുന്നതിന് ജിഡയുടെ ഫണ്ട് ഉപയോഗിച്ച് മുരിക്കുംപാടം, മാലിപ്പുറം, ഞാറക്കൽ എന്നിവിടങ്ങളിൽ 3 ഓവർ ഹെഡ് ടാങ്കുകൾ നിർമ്മിക്കുന്നതിനും തീരുമാനിച്ചിരുന്നു. എന്നാൽ മാലിപ്പുറം ടാങ്കിന്റെ പണി മാത്രമെ പൂർത്തീകരിച്ചിട്ടുള്ളൂ.
ഹഡ്‌കോ പദ്ധതി കമ്മീഷൻ ചെയ്തിട്ട് 15 വർഷം കഴിഞ്ഞെങ്കിലും പ്രതിദിനം 10 ദശലക്ഷം ലിറ്ററെന്ന ലക്ഷ്യം ഇതുവരെ നിറവേറ്റിയിട്ടില്ല. ഇതിനിടയിലാണ് ഈ പദ്ധതിയിൽ നിന്ന് പദ്ധതിയുടെ ഭാഗമല്ലാത്ത മുളവുകാട്, പനമ്പുകാട് എന്നിവിടങ്ങളിലേക്ക് വടുതലയിൽ നിന്ന് വെള്ളം വഴി തിരിച്ചുവിടുന്നത്.