വൈപ്പിൻ: വൈപ്പിൻ, മുളവുകാട് കായലുകളിൽ ആന്ധ്രയിൽ നിന്ന് കൂട്ടമായി എത്തിയവർ കൊട്ടവഞ്ചികളിൽ മീൻപിടുത്തം നടത്തുന്നത് തടയണമെന്ന് അഖില വൈപ്പിൻ ചെറുവഞ്ച് മത്സ്യത്തൊഴിലാളി സംഘം ആവശ്യപ്പെട്ടു. മുമ്പ് ഇവരുടെ മത്സ്യബന്ധനം ഫിഷറീസ് ഉദ്യോഗസ്ഥർ തടഞ്ഞിട്ടുള്ളതാണ്. കൊട്ടവഞ്ചിക്കാർ ഉപയോഗിക്കുന്ന വല മൂന്ന് കിലോമീറ്റർ നീളത്തിലുള്ളതാണ്. ഈ വല വിരിച്ചാൽ പിന്നെ നാടൻ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം നടത്താനാകുകയില്ല. മത്സ്യങ്ങളെ മയക്കിയെടുക്കാൻ വലയിൽ വിഷപ്രയോഗവും ഇവർ നടത്തുന്നതായി ചെറുവഞ്ചിക്കാർ പരാതിപ്പെട്ടു. അഞ്ചും ആറും വയസ്സുള്ള കുട്ടികളുമായാണ് ഇവരിൽ പലരും കുട്ടകളിൽ മീൻ പിടിക്കുന്നത്. കുഞ്ഞുങ്ങൾ വെള്ളത്തിൽ വീണ് മരണപ്പെട്ട സംഭവങ്ങളുമുണ്ടായിട്ടുണ്ട്.