gagarin
ടി.എസ്. ഗഗാറിൻ വിള വെടുത്ത ഏത്ത വാഴത്തോട്ടത്തിൽ

സ്മിജൻ.കെ.സി

നെടുമ്പാശേരി: ഭാഷയും ദേശവും കടന്ന് 13 സംസ്ഥാനങ്ങളിലായി കാൽ നൂറ്റാണ്ടിലേറെ കാലം സി.ഐ.എസ്.എഫി (കേന്ദ്ര വ്യവസായ സംരക്ഷണ സേന)ൽ അസി. സബ് ഇൻസ്പെക്ടറായി മൂന്ന് വർഷം മുമ്പ് സർവീസിൽ നിന്നും സ്വയം വിരമിച്ച ശേഷം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാന്റലിംഗ് കരാറുകാരായ ബി.ഡബ്ളിയു.എഫ്.സ് കമ്പനിയുടെ വിജിലൻസ് ഓഫീസറായി ഇതിനിടയിൽ കൃഷിയോടുള്ള അടങ്ങാത്ത മോഹം കരുമാല്ലൂർ മനയ്ക്കപ്പടി തണ്ടശേരിൽ വീട്ടിൽ ടി.എസ്. ഗഗാറിനെ തികഞ്ഞ കർഷകനുമാക്കി. ആവശ്യത്തിന് സ്ഥലമില്ലാത്തതിനാൽ ഒരു ഏക്കറോളം സ്ഥലം സ്വകാര്യ വ്യക്തിയിൽ നിന്നും പാട്ടത്തിനെടുത്ത് ഗഗാറിൻ 600ഓളം വാഴക്കന്നുകൾ നട്ടത്. വിമാനത്താവളത്തിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ ഊണും ഉറക്കവുമെല്ലാം ഉപേക്ഷിച്ച് ഗഗാറിൻ വാഴത്തോട്ടത്തിലേക്കിറങ്ങും. പുല്ലു പറിച്ചും വളമിട്ടും ചെരിഞ്ഞുനിൽക്കുന്ന വാഴയെ പിടിച്ചുകെട്ടിയുമെല്ലാം ഒഴിവുസമയമെല്ലാം തോട്ടത്തിലായിരിക്കും.വാഴക്ക് നല്ല ജൈവവളം മാത്രമാണ് നൽകിയതെന്ന് ഗഗാറിൻ പറയുന്നു.

കഴിഞ്ഞ പ്രളയത്തിന് ശേഷം നട്ട വാഴക്കന്നുകളെല്ലാം വിളവെടുപ്പിന് പാകമായി. എല്ലാത്തിനും നല്ല വിളവുണ്ട്. ഏത്തക്കായക്ക് സാമാന്യം നല്ല വിലയുമുള്ളതിനാൽ നഷ്ടമുണ്ടാകില്ലെന്നും ഉറപ്പാണ്. ഇടനിലക്കാരില്ലാതെ കരുമാല്ലൂർ സ്വാശ്രയ കർഷക വിപണിയിലൂടെയാണ് ഏത്തക്കായകൾ വിറ്റഴിക്കുന്നത്. നാടൻ പച്ചക്കറിയുടെയും പഴ വർഗത്തിന്റെയും കേന്ദ്രമെന്ന നിലയിൽ ഏറെ ആളുകൾ ഇവിടെ വാങ്ങാനെത്തുന്നുണ്ട്. വാഴയ്ക്ക് ഇടവിളയായി പയറും, വെണ്ടയും മുളകും കൃഷി ചെയ്യുന്നുണ്ട്. ഭാര്യയും മകളും സഹായികളായും രംഗത്തുണ്ടെന്ന് ടി.എസ്. ഗഗാറിൻ പറയുന്നു. ആസ്സാം മുതൽ ജമ്മു ആന്റ് കശ്‍മീർ വരെ 13 സംസ്ഥാനങ്ങളിലാണ് ഗഗാറിൻ ജോലിചെയ്തിട്ടുള്ളത്.

ലാഭമല്ല ലക്ഷ്യം, വിഷരഹിത കൃഷിയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.