 പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം


കൊച്ചി: പാലങ്ങളുടെയും പ്രകൃതി രമണീയമായ കാഴ്ചകളുടെയും സങ്കേതമായ ഗോശ്രീ ദ്വീപിൽ ടൂറിസം സാദ്ധ്യതകൾ പരിഗണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്‌ടർ എസ്. സുഹാസ് ടൂറിസം വകുപ്പിന് നിർദ്ദേശം നൽകി. ഗോശ്രീ ദ്വീപ് വികസന അതോറിറ്റിക്ക് (ജിഡ) കീഴിൽ വരുന്ന വിവിധ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും തീരുമാനമായി. ജിഡയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആറ് പദ്ധതികളുടെ അവലോകന യോഗം ഇന്നലെ നടന്നു. രണ്ടാഴ്ചയിലൊരിക്കൽ പദ്ധതിപ്രദേശം നേരിട്ട് സന്ദർശിച്ച് കളക്‌ടർ പുരോഗതി വിലയിരുത്തും.


 1 മൂലമ്പള്ളി- പിഴല പാലം നിർമാണം ഉടൻ പൂർത്തീകരിക്കണം
 2 വലിയ കടമക്കുടി- ചാത്തനാട് പാലവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിച്ച് അപ്രോച്ച് റോഡ് നിർമാണവും പാലത്തിന്റെ ശേഷിക്കുന്ന പ്രവൃത്തികളും വേഗത്തിൽ പൂർത്തിയാക്കും
 3 കോതാട്- ചേന്നൂർ പാലത്തിന്റെ രൂപരേഖ തയ്യാറാക്കി ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങും
 4 5.5 കിലോമീറ്റർ ദൂരത്തിലുള്ള മുളവുകാട് റോഡിന്റെ നിർമ്മാണം 2.5 കിലോമീറ്റർ പൂർത്തിയായി. 1.5 കി.മീ. റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. ശേഷിക്കുന്ന 1.5 കി.മീ. റോഡിനാവശ്യമായ സ്ഥലമെടുപ്പ് ഉടൻ പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കും
 5 ഞാറയ്ക്കൽ താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന്റെ നിർമാണത്തിനുള്ള സാങ്കേതികാനുമതി ഉടൻ നേടണം
 6 പൊതുമരാമത്ത് വകുപ്പ് നിർമാണം ഏറ്റെടുത്ത ചെരിയംതുരുത്ത്- പിഴല റോഡ് നിർമാണത്തിന്റെ എസ്റ്റിമേറ്റ് സമർപ്പിച്ച് ഉടൻ നിർമാണാനുമതിയും സാങ്കേതികാനുമതിയും നേടിയെടുക്കണം.
 7 ഗോശ്രീ പാലങ്ങളിലെ വൈദ്യുതവിളക്കുകളുടെ തകരാർ ഉടൻ പരിഹരിക്കും.