ആലുവ: മുൻകാലങ്ങളെ അപേക്ഷിച്ച് ക്ളാസിൽ കയറാതെ ചുറ്റിക്കറങ്ങുന്ന വിദ്യാർത്ഥികളുടെ എണ്ണമേറുന്നതായി അദ്ധ്യാപകർ. നവമാദ്ധ്യമങ്ങൾ വർദ്ധിച്ചതോടെയാണ് ഇത്തരം സംഭവങ്ങൾ കൂടുന്നതെന്നാണ് പ്രാഥമീക നിഗമനം. രക്ഷിതാക്കളെയും അദ്ധ്യാപകരേയും തെറ്റിദ്ധരിപ്പിച്ച് ആൺപെൺ ഭേദമില്ലാതെയാണ് കുട്ടികൾ സ്‌കൂൾ സമയം നാട് ചുറ്റാനിറങ്ങുന്നത്.
കഴിഞ്ഞ ദിവസം കാണാതായ ആൺകുട്ടിയെ ആലുവ മണപ്പുറത്ത് നിന്നാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്. ഹൈസ്‌കൂൾ വിദ്യാർത്ഥിയായ ആൺകുട്ടി ഡോലക്ക് കലാകാരനാണ്. ഈ സംഘത്തിനൊപ്പം പോകാറുള്ള കുട്ടി സ്വന്തം നിലയ്ക്കാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിൽ നിന്ന് പോയത്. അതിന് മുൻപ് മൂന്ന് ദിവസം അസുഖമായതിനാൽ ക്ളാസിൽ പോയിരുന്നില്ല. തന്നെ ഒരാൾ കോട്ടയത്തേക്ക് വിളിച്ചുകൊണ്ടുപോയെന്നാണ് കുട്ടി ഇപ്പോൾ പറയുന്നത്. പിന്നീട് രക്ഷപ്പെട്ട് പോന്നതാണത്രെ.
രക്ഷിതാവിനൊപ്പം സ്‌കൂളിന് മുന്നിൽ വന്നിറങ്ങിയശേഷം മറ്റൊരു ബൈക്കിൽ പെൺകുട്ടി വൈകിട്ട് നാലുമണി വരെ കറങ്ങിയതാണ് മറ്റൊരു പ്രധാന സംഭവം. ഇതറിയാതെ കൃത്യമായി പിതാവ് കുട്ടിയെ രാവിലെ സ്‌കൂളിന് മുന്നിൽ കൊണ്ടുവിടുകയും വൈകിട്ട് കൊണ്ടുപോകുകയും ചെയ്തിരുന്നു. യൂണിഫോം മാറിയശേഷമാണ് പെൺകുട്ടി ബൈക്കിലെ യുവാവിനൊപ്പം പോയിരുന്നത്. സംശയം തോന്നി നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. സ്കൂളുകളിൽ ഓരോ പിരീഡിലും ഹാജർനിലയെടുക്കാൻ അധ്യാപകർക്ക് വിദ്യാലയങ്ങൾ നിർദേശം നൽകിയിട്ടുണ്ട്.