കൊച്ചി : വനിതാ ജീവനക്കാർ രാത്രി ഡ്യൂട്ടിക്ക് തയ്യാറാകാത്തത് ഇവരുടെ സ്ഥാനക്കയറ്റത്തിനും സീനിയോറിറ്റിക്കും തടസമാകരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. നാഷണൽ ടെക്‌സ്റ്റൈൽ കോർപ്പറേഷന് (എൻ.ടി.സി) കീഴിലുള്ള തൃശൂർ പുല്ലഴിയിലെ കേരള ലക്ഷ്മി മില്ലിലെ ജീവനക്കാരിയായ കെ.എഫ് ജാൻസി ഉൾപ്പെടെ 15 പേർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം.
രാത്രി ഡ്യൂട്ടിക്ക് ഹാജരാകുന്ന സ്ത്രീ ജീവനക്കാർക്ക് പ്രൊമോഷനിലും സീനിയോറിറ്റിയിലും മുൻഗണന നൽകുമെന്ന മാനേജ്മെന്റ് നോട്ടീസിനെതിരെയാണ് ഹർജി. രാവിലെ ആറുമുതൽ വൈകിട്ട് ഏഴ് വരെയല്ലാത്ത ഡ്യൂട്ടിക്ക് നിർബന്ധിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
തൊഴിലാളികളുടെ ഡ്യൂട്ടി സമയം രാത്രി പത്തുവരെയാക്കി പുന: ക്രമീകരിച്ച് മേയ് 27 ന് ഉത്തരവിറക്കിയെന്നും ഏറെയും സ്ത്രീ ജീവനക്കാരുള്ള മില്ലിൽ രാത്രി ഡ്യൂട്ടിക്ക് ഇവർ തയ്യാറായില്ലെങ്കിൽ നഷ്ടത്തിലോടുന്ന സ്ഥാപനം പൂട്ടേണ്ടി വരുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
രാത്രി ഡ്യൂട്ടിക്ക് സുരക്ഷ ഉറപ്പാക്കി വനിതാ ജീവനക്കാരുടെ സന്നദ്ധത തേടാൻ കമ്പനിക്ക് കഴിയുമെന്നും ഇതിന്റെ പേരിൽ സീനിയോറിറ്റി, പ്രൊമോഷൻ എന്നിവ നിശ്ചയിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രൊമോഷനിലും സീനിയോറിറ്റിയിലും ആനുകൂല്യങ്ങൾ ലഭിക്കുമെന്ന ഇത്തരം മാനദണ്ഡങ്ങൾ നിലനിൽക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.