ജൂലായ് 9ന് വീണ്ടും ഹാജരാവണം


തൃക്കാക്കര : കോൺഗ്രസിൽ നിന്ന് കൂറുമാറി എൽ.ഡി.എഫ് പാളയത്തിലെത്തിയ തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ ഷീല ചാരു തെരഞ്ഞെടുപ്പ് കമ്മിഷന് മുമ്പിൽ ഹാജരാകാതെ മുങ്ങി നടക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.

ചൊവ്വാഴ്ച തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് കമ്മിഷനിൽ കൂറുമാറ്റ പരാതിയിൽ തെളിവെടുപ്പിന് ഹാജരാവാൻ നിർദേശിച്ചിരുന്നു. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി ഇതിൽ നിന്ന് ഒഴിവായി. ഏഴു ദിവസത്തേക്കാണ് ഡോക്ടർ വിശ്രമം നിർദേശിച്ചത്. എന്നാൽ
അന്ന് ഉച്ചക്ക് നടന്ന ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ഷീല ചാരു പങ്കെടുത്തതാണ് പ്രതിപക്ഷം വിവാദമാക്കിയത്.

തുടർന്ന് രജിസ്റ്ററിൽ ഒപ്പിട്ടത് വെട്ടിക്കളഞ്ഞു.

ഇന്നലെ തിരുവനന്തപുരത്ത് സർക്കാർ വിളിച്ച റീവ്യൂ യോഗത്തിൽ ഇവർ പങ്കെടുക്കുകയും ചെയ്തു. കമ്മിഷൻ രണ്ട് പ്രാവശ്യം തെളിവെടുപ്പിനായി വിളിച്ചിട്ടും ഹാജരാകാത്ത നഗരസഭ അധ്യക്ഷയുടെ നടപടി നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഏഴുമാസം മാസം മുമ്പ് എൽ .ഡി.എഫിലേക്ക് കൂറുമാറി അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച കോൺഗ്രസ് കൗൺസിലർ ഷീല ചാരുവിനെ പാർട്ടിയിൽ നിന്ന് ഡി.സി.സി. പ്രസിഡന്റ് സസ്‌പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരേ കൂറുമാറ്റ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയ പ്രതിപക്ഷ കൗൺസിലർമാരായ കെ.എം.മാത്യു, ടി.ടി.ബാബു, ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് മുഹമ്മദാലി , ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എന്നിവരുടെ വിസ്താരം കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്.

വീണ്ടും ജൂലായ് 9ന് ഹാജരാകാൻ ഷീല ചാരുവിന് കമ്മിഷൻ നോട്ടീസ് നൽകി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇവരെ അയോഗ്യയാക്കുകയാണെങ്കിൽ തൃക്കാക്കര നഗരസഭാ ഭരണം വീണ്ടും പ്രതിസന്ധിയിലാകും.