ആലുവ: സംയോജിത കാർഷിക രീതിയുടെ ഭാഗമായി ആലുവ തുരുത്തിൽ സംസ്ഥാന വിത്തുല്പാദന തോട്ടത്തിൽ ആരംഭിച്ച താറാവ് വളർത്തൽ യൂണിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കീടനിയന്ത്രണം കളനിയന്ത്രണം ഉൽപാദന വർദ്ധനവ് എന്നിവ ലക്ഷ്യമാക്കിയാണ് കൃഷിയിടത്തിൽ താറാവിനെ കൂടി വളർത്തുന്നത്. കുട്ടനാടൻ ഇനത്തിൽപ്പെട്ട നാടൻ താറാവുകളും വിഗോവ ഇനത്തിൽപ്പെട്ട താറാവുകളും അടക്കം 100 താറാവുകളെ ആണ് പ്രാരംഭഘട്ടത്തിൽ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
താറാവുകൾക്ക് കൂടിനോട് ചേർന്ന് കുളവും കൂടി ഉൾപ്പെടുത്തിയാണ് ഷെൽട്ടർ രൂപകല്പന ചെയ്തിട്ടുള്ളത്. പകൽ സമയങ്ങളിൽ ഇവക്ക് നെൽപ്പാടങ്ങളിൽ സ്വതന്ത്രമായി വിഹരിക്കാം. പൂർണമായും ജൈവ രീതിയിൽ കൃഷിചെയ്തുവരുന്ന ഒരു മാതൃകാ കൃഷിത്തോട്ടമാണ് ആലുവ ഫാം. സംയോജിത കാർഷിക പദ്ധതിയിൽ നേരത്തെ ഫാമിൽ നാടൻ ഇനത്തിൽപ്പെട്ട കാസർഗോഡ് കുള്ളൻ പശുക്കളും മലബാറി ആടുകൾ കോഴി, മുയൽ മത്സ്യകൃഷി, തേനീച്ച വളർത്തൽ എന്നിവയെല്ലാം വിജയകരമായി പരിപാലിച്ചു വരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സമിതി പ്രസിഡന്റ് സരള മോഹൻ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ലേഖ കാർത്തി, ഡെപ്യൂട്ടി ഡയറക്ടർ കെ.യു. സത്യഭാമ, എൽ. ഷൈലജ, ഗായത്രി വാസൻ, എ. ഷംസുദ്ദീൻ, ലിസിമോൾ ജെ. വടക്കൂട്ട്, പി. അനൂപ് എന്നിവർ പങ്കെടുത്തു.