എടയ്ക്കാട്ടുവയൽ : സംസ്ഥാന സർക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് മുളന്തുരുത്തി ബ്ലോക്കിൽ തുടക്കമായി. ബ്ളോക്കു തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ നിർവഹിച്ചു. കർഷകർക്കും വിദ്യാർത്ഥികൾക്കും സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്തു. എടയ്ക്കാട്ടുവയൽ ഫാർമേഴ്സ് ഹാളിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ജില്ലാ പഞ്ചായത്തംഗം എ.പി. സുഭാഷ് ഉദ്ഘാടനം ചെയ്തു. എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് ജെസി പീറ്റർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സി സജികുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി മാധവൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാജീവ് ശ്രീധരൻ, ആശ അച്യുതൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജൂലിയ ജെയിംസ്, ജെയിൻ .കെ പുന്നൂസ്, സാലി പീറ്റർ, പഞ്ചായത്തംഗങ്ങളായ കെ. ആർ ജയകുമാർ, ബാലു സി.എ, ഒ.ആർ. ഹരിക്കുട്ടൻ, ഷീബ സുധാകരൻ, ഷീന ഷാജി, കൃഷി അസിസ്റ്റൻറ് കെ.എം. സുനിൽ എന്നിവർ പ്രസംഗിച്ചു.

വിത്തുകളുടെയും നടീൽ വസ്തുക്കളുടെയും കൃഷി ഗ്രൂപ്പുകളുടെ ഉൽപന്നങ്ങളുടെയും പ്രദർശനവും വിൽപ്പനയും ഉണ്ടായിരുന്നു. പഞ്ചായത്ത്, കൃഷിഭവൻ, കർഷക ഗ്രൂപ്പുകൾ, കാർഷിക കർമ്മസേന, കുടുംബശ്രീ തുടങ്ങിയവരുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ നേരിട്ട് വിൽക്കുവാനുള്ള ചന്ത മാസത്തിലൊരിക്കൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിക്കുമെന്ന് കൃഷി ഓഫീസർ എം.ഡി. സതീഷ്‌കുമാർ പറഞ്ഞു. സ്കൂൾ വെജിറ്റബിൾ ഗാർഡൻ പദ്ധതിയും കൂടുതൽ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കും.