മരട്: തീരപരിപാലനനിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതികപ്രശ്‌നങ്ങൾ പഠിച്ച് സർക്കാരിന് റിപ്പോർട്ടുനൽകാൻ ചെന്നൈ ഐ.ഐ.ടി സംഘം മരടിലെത്തി. പ്രൊഫ. ദേവദാസ് മേനോന്റെ നേതൃത്വത്തിലുളള ആറംഗ സംഘത്തോടൊപ്പം ശാസ്ത്ര സാങ്കേതികവിഭാഗം ശാസ്ത്രജ്ഞനായ ഹരിനാരായണനുമുണ്ട്.
സുപ്രീംകോടതി ഉത്തരവ് പ്രകാരം മരട് നഗരസഭയിലെ അഞ്ച് ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്ളും അവയുടെ വ്യാപ്തിയും പഠിച്ച് റിപ്പോർട്ട് നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. മാലിന്യസംസ്‌കരണം, സമീപത്തുള്ള വീടുകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ, പരിസ്ഥിതി ആഘാതം തുടങ്ങിയവയെല്ലാം പഠനവിധേയമാക്കും. കൊച്ചിയിലെത്തിയ ഐ.ഐ.ടി സംഘം മരടിലെ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് സന്ദർശിച്ചു. തുടർന്ന് ഫ്‌ളാറ്റ് ഉടമകളുമായും മരട് നഗരസഭാ പ്രതിനിധികളുമായും തീരദേശ പരിപാലന അതോറിറ്റി അധികൃതരുമായും ചർച്ച നടത്തി. വിശദമായ പഠന റിപ്പോർട്ട് സർക്കാരിന് കൈമാറും. ഫ്‌ളാറ്റുകളുടെ സ്ട്രക്ചറൽ പ്ലാൻഎത്രയും വേഗം കൈമാറാൻ സംഘം മരട് നഗരസഭാ അധികൃരോട് ആവശ്യപ്പെട്ടു. ബിൽഡിംഗ് ഇൻസ്‌പെക്ടർ സവിത, ഹുസൈൻ എന്നിവർ സംഘത്തിനാവശ്യമായ വിവരങ്ങൾ നൽകുവാൻ ഒപ്പമുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ മരടിലെത്തിയസംഘം വൈകിട്ട് തിരിച്ചുപോയി. നഗരസഭ ചെയർപേഴ്‌സനും സെക്രട്ടറിയും ഔദ്യോഗികാവശ്യങ്ങൾക്കായി തിരുവനന്തപുരത്തായിരുന്നു. മുൻകൂട്ടി അറിയിച്ചശേഷം സംഘം വീണ്ടുംവരും.
ഫ്‌ളാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവിൽ ഉടമകൾ ആറാഴ്ചത്തെ സ്റ്റേ നേടിയിട്ടുണ്ട്.