പിറവം: പാമ്പാക്കുട ബ്ളോക്ക് പഞ്ചായത്തിൽ ഓണത്തെ വരവേൽക്കാനുള്ള മുന്നൊരുക്കമായി ജൈവപച്ചക്കറി കൃഷിക്ക് തുടക്കമായി. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ബ്ലോക്ക് മോഡൽ അഗ്രോ സെന്ററിന് കീഴിലെ ഗ്രീൻ ആർമിയുടെ സഹായത്തോടെ തുടർച്ചയായി നാലാം തവണയും ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ആരംഭിച്ചു. ഇക്കുറി വാഴക്കൃഷി കൂടിയുണ്ട്. കെട്ടിടങ്ങൾക്ക് മുകളിലും ഓഫീസ് പരിസരത്തുമായാണ് കൃഷി.

ജൈവ കൃഷി വ്യാപനം പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇക്കോ ഷോപ്പ് വഴി കുറഞ്ഞ ചെലവിൽ ജൈവ വളം, കീടനാശിനി, കൃഷി ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നുണ്ട്. കൃഷി വ്യാപനത്തിന്റെ ഭാഗമായി സഞ്ചരിക്കുന്ന വിത്ത്, കൃഷി ഉപകരണ വിതരണ സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.

# 23000 വിത്ത് പാക്കറ്റുകൾ

# 80000 പച്ചക്കറി തൈകൾ

പയർ, വെണ്ട, വഴുതന, തക്കാളി, മുളക്, പടവലം, ചീര. തയ്യാറാക്കുന്നത് മലർവാടി ഹൈടെക് നഴ്സറി, കാക്കൂർ അഗ്രോ സർവീസ് സെന്റർ

# തൈകൾക്ക് 2.50 രൂപ

മോഡൽ അഗ്രോ സെന്ററിൽ തൈ ഒന്നിന് 2.50 രൂപ നിരക്കിൽ പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നുണ്ട്.

# സഹായിക്കാൻ ഗ്രീൻ ആർമിയുണ്ട്

മികച്ച ഇനം തൈകളാണ് ഇവിടെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. ആവശ്യക്കാർക്ക് അടുക്കള തോട്ടം ഒരുക്കാൻ ഗ്രീൻ ആർമി പ്രവർത്തകരുടെ സേവനം ലഭ്യമാണ്. പുല്ല് വെട്ടുന്ന യന്ത്രം മുതൽ തെങ്ങിന് തടം എടുക്കുന്ന യന്ത്രവും ആധുനിക കൊയ്ത് മെതി യന്ത്രവുമെല്ലാമുള്ള മികച്ച പരിശീലനം നേടിയ 29 അംഗ കാർഷിക കർമ്മ സേനയാണ് കൃഷി വ്യാപനത്തിനായി പ്രവർത്തിക്കുന്നത്. വിവിധ തരം ആധുനിക കൃഷി രീതികളും സെന്ററിന്റെ കീഴിൽ നടക്കുന്നുണ്ട്.