പദ്ധതി തയ്യാറാക്കാൻ കേന്ദ്രമന്ത്രിയുടെ നിർദ്ദേശം
ആറിന് കൊച്ചിയിൽ യോഗം
കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ്ബിനടുത്തെ റെയിൽവേയുടെ 110 ഏക്കർ സ്ഥലത്ത് പുതിയ റെയിൽവേ ടെർമിനൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിന് നിവേദനം നൽകി. 18 പ്ലാറ്റ്‌ഫോമുകളും,ആറു പിറ്റ് ലൈനുകളും ഉൾപ്പെടുത്തി ഇവിടെ ടെർമിനൽ പ്രവർത്തനം തുടങ്ങാനായാൽ വാട്ടർ മെട്രോ ബോട്ട് ജെട്ടി, മെട്രോ റെയിൽ, മൊബിലിറ്റി ഹബ്
തുടങ്ങിയവയുടെ സംഗമസ്ഥാനം എന്ന നിലയിൽ എറണാകുളത്തിന്റെ ഗതാഗത കേന്ദ്രമായി
മാറാനുള്ള എല്ലാ സാധ്യതയുമുണ്ട്. ആവശ്യമെങ്കിൽ പി.പി.പി മാതൃകയും പ്രയോജനപ്പെടുത്താമെന്നും നിവേദനത്തിൽ പറയുന്നു.
കേന്ദ്ര സർക്കാർ കേരളത്തിനനുവദിക്കുന്ന പല പ്രധാന റെയിൽ വികസന പദ്ധതികളും യാഥാർത്ഥ്യമാകാതിരിക്കുന്നതിന് അടിസ്ഥാനപരമായ കാരണം സ്ഥലമേറ്റെടുപ്പിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വിമുഖതയാണെന്ന് കേന്ദ്രമന്ത്രി ഹൈബിയെ അറിയിച്ചു.
ഹൈബി ഈഡൻ എം.പി യുടെ നിർദേശം കണക്കിലെടുത്ത് പുതിയ റെയിൽവേ ടെർമിനൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠനം നടത്തി പദ്ധതി രൂപ രേഖ തയ്യാറാക്കുന്നതിന് ദക്ഷിണ റെയിൽവേ ചീഫ് എൻജിനീയർക്ക് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട് .
പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സാങ്കേതിക വിദഗ്ദ്ധരുടെയും ഭരണ വിഭാഗം ഉദ്യോഗസ്ഥരുടെയും യോഗം ജൂലായ് ആറിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസിൽ ചേരും.