നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ മൂന്ന് വിദേശ നാണയ വിനിമയം സ്ഥാപനങ്ങളിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടത്തിയ ഇടപാടുകളാണ് പരിശോധിച്ചത്.

വിദേശത്ത് നിന്നും വരുന്ന ഒരാൾക്ക് പരമാവധി 25,000 രൂപയുടെ വിദേശ കറൻസി മാറിയെടുക്കാനാണ് അനുമതി. ഒരു പാസ്‌പോർട്ട് ഉപയോഗിച്ചുള്ള ഇടപാടിൽ തന്നെ രണ്ട് മുതൽ പത്ത് വരെ ഇടപാടുകൾ നടന്നിട്ടുള്ളതായാണ് വിവരം. എട്ട് കോടിയോളം രൂപ വിനിമയം നടത്തിയതായി വ്യക്തമായിട്ടുണ്ട്. രേഖകൾ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.

സ്വകാര്യ സ്ഥാപനങ്ങൾ വലിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി കസ്റ്റംസ് രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും എൻഫോഴ്‌സ്‌മെന്റിന്റെയും നിർദ്ദേശാനുസരണമായിരിക്കും ഇക്കാര്യത്തിൽ തുടർനടപടികൾ. യാത്രക്കാർ വിശ്രമിക്കുന്ന സെക്യൂരിറ്റി ഹോൾഡ് ഏരിയകളിലാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.