കോതമംഗലം: വടാട്ടുപാറയിൽ പട്ടാപ്പകൽ വീട്ടമ്മ കൊല്ലപ്പെട്ടു. അയൽവാസി അറസ്റ്റിൽ
വടാട്ടുപറ പണ്ടാര സിറ്റിക്ക് സമീപം കുറിഞ്ചിലിക്കാട്ട് മാത്യുവിന്റെ ഭാര്യ മേരി (60)യെയാണ് കഴുത്തിൽ മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന്റെ പിറക് വശത്ത് റബർ തോട്ടത്തിലാണ് ഇന്നലെ രാവിലെ 11ന് മൃതദേഹം കണ്ടത്. ആഭരണങ്ങൾ ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. അയൽവാസിയായ കരിവള്ളിൽ മുഹമ്മദിനെ കുട്ടമ്പുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. മാത്യുവിന്റെ വീട്ടിലെ റബർ ടാപ്പിംഗ് നടത്തിവന്ന ഇയാൾ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. ഇയാളെ ഇന്ന് കോതമംഗലം കോടതിയിൽ ഹാജരാക്കും.
റബർ പാൽ എടുക്കാൻ പോയ മേരി മടങ്ങി വരാൻ വൈകിയപ്പോൾ അന്വേഷിച്ച് ചെന്ന ഭർത്താവാണ് മേരി വീണ് കിടക്കുന്നത് കണ്ടത്. അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് മരിച്ചെന്ന് മനസിലായത്. വിരലടയാള, ഫോറൻസിക് വിദഗ്ദ്ധരും പൊലീസ് നായയും സ്ഥലത്തെത്തി.
മേരിയുടെ മക്കൾ: റെയ്‌സൻ, റെയ്‌ന. മരുമകൾ: മെറിൻ
കളശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് വടാട്ടുപ്പാറ സെന്റ് മേരിസ് ചർച്ചിൽ സംസ്‌കരിക്കും.