ഇടപ്പള്ളി : ഗുരുവായൂർ റോഡിലെ ഇടപ്പള്ളി റെയിൽവേ മേൽപ്പാലത്തിന്റെ ഫുട്പാത്ത് കാടുകയറി. ഇരുവശത്തും കുറ്റിക്കാടാണ്. നടന്നുപോക്ക് അസാദ്ധ്യം. ചീറിപ്പായുന്ന വാഹനങ്ങൾക്കടുത്തുകൂടെ റോഡിലൂടെ തന്നെ നടന്നേ പറ്റൂ വഴിയാത്രികർ. പാലത്തിന്റെ മധ്യഭാഗത്ത് മാത്രമേ നടപ്പാതയുള്ളൂ. കഷ്ടിച്ച് രണ്ടു വാഹനങ്ങൾക്ക് മാത്രം കടന്നു
പോകാനുള്ളയിടമേ പാലത്തിലുള്ളൂ. അതുകൊണ്ടുതന്നെ കാൽ നടയാത്രക്കാരുടെ റോഡിലൂടെയുള്ള സഞ്ചാരം അപകടങ്ങൾ വിളിച്ചുവരുത്തും. രാത്രി സ്ഥിതി അതിലും ഗുരുതരമാണ്. പാലത്തിലെ വിളക്കുകളും അധികവും പ്രകാശിക്കുന്നില്ല.
ദാരിദ്ര്യത്തിൽ ഒരു ദേശീയ പാത
ഇടപ്പള്ളി പനവേൽ എൻ.എച്ച് 66 എന്ന 1622 കിലോമീറ്റർ
ദേശീയ പാതയുടെ പ്രധാന ഭാഗത്താണ് ഈ മേൽപ്പാലം. ദേശീയ പാതയാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. രാജ്യത്ത് തന്നെ ഏറ്റവും ദാരിദ്ര്യം പിടിച്ച ദേശീയ പാതയിലൊന്നാണിത്. ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള ഭാഗം സാധാരണ റോഡിനെക്കാൾ കഷ്ടം. കുണ്ടും കുഴിയും വീതി കുറവും രണ്ടുവരി ഗതാഗതവും മാത്രം. തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെയാണ് പാത പോകുന്നത്. ഈ സംസ്ഥാനങ്ങളിലെല്ലാം പാത നാലുവരിയും ആറുവരിയുമൊക്കെയാണ്.
ദേശീയ പാത അധികൃതരെ അറിയിച്ചു
ദേശീയ പാത അതോറിറ്റി അധികൃതരുടെ ശ്രദ്ധയിൽ ഇക്കാര്യം
പെടുത്തിയിട്ടുണ്ട്. പാലം മുതൽ ബസ് കാത്തിരിപ്പു കേന്ദ്രം വരെ കാടുമൂടികിടക്കുകയാണ്. യാത്രക്കാർ ഏറെ കഷ്ടപ്പാടുന്നുണ്ട്.
പി .ജി .രാധാകൃഷ്ണൻ, കൗൺസിലർ