കൊച്ചി : ഹയർ സെക്കൻഡറി ബാച്ചുകളിലെ സീറ്റ് കൂട്ടുന്നതിനനുസരിച്ച് കേരള വിദ്യാഭ്യാസ ചട്ടപ്രകാരമുള്ള (കെ.ഇ.ആർ) അടിസ്ഥാന സൗകര്യവും വർദ്ധിപ്പിക്കാനാവുമോയെന്ന് സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. പത്തു ദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം. സംസ്ഥാനത്തെ ഹയർ സെക്കൻഡറി ബാച്ചുകളിൽ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനെതിരെ കേരള എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോഷി ആന്റണി നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

ഹയർ സെക്കൻഡറി ബാച്ചുകളിൽ കുറഞ്ഞത് 25 കുട്ടികളും പരമാവധി 50 കുട്ടികളുമായിരിക്കണമെന്ന് 2000 മേയ് 30 ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. 2018 മേയ് 27, 28 തീയതികളിലായി ഇറക്കിയ സർക്കുലറുകളിലൂടെ 30 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ഇതോടെ ഒരു ക്ളാസിൽ 65 വിദ്യാർത്ഥികളുണ്ടാകും. ഇത്രയും കുട്ടികളുള്ള ബാച്ചിനെ കൈകാര്യം ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടാണെന്നും വ്യക്തിഗത ശ്രദ്ധ നൽകാൻ അദ്ധ്യാപകർക്ക് കഴിയില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. സീറ്റ് വർദ്ധിപ്പിക്കുന്നതിനനുസരിച്ച് ലാബ് സൗകര്യമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂട്ടിയിട്ടില്ല. ഹർജിയിൽ തീർപ്പുണ്ടാകും വരെ സീറ്റ് വർദ്ധന സ്റ്റേ ചെയ്യണമെന്നാണ് ഇടക്കാല ആവശ്യം.