അങ്കമാലി. ഒരു വർഷം പിന്നിട്ടിട്ടും പ്രളയത്തിൽ തകർന്ന ചാലക്കുടി ഇടതുകര മെയിൻ കനാൽ ബണ്ട് പുനനിർമ്മാണം അവതാളത്തിൽ തന്നെ. കഴിഞ്ഞ ആഗസ്റ്റ് 16,17,18 തീയതികളിൽ ചാലക്കുടി പുഴയിലുണ്ടായ വെള്ളപ്പൊക്കം മൂലം ഇടത്കര മെയിൻ കനാലിന്റെ തുമ്പൂർമുഴി ഡാം മുതൽ കട്ടിംഗ് വരെയുള്ള 5 കിലോമീറ്റർ ഭാഗത്ത് വിവിധയിടങ്ങളിൽ ബണ്ട് തകർന്ന് ഒലിച്ച് പോയിരുന്നു. റോജി എം.ജോൺ എം.എൽ.എ യുടേയും ത്രിതലപഞ്ചായത്ത് പ്രതിനിധികളുടെയും നേതൃത്വത്തിൽ നടത്തിയ സമ്മർദ്ദങ്ങളെ തുടർന്ന് താത്ക്കാലിക ബണ്ടുകൾ നിർമ്മിച്ച് കഴിഞ്ഞ ഡിസംബറിൽ കനാലിലൂടെ ജലവിതരണം നടത്തിയിരുന്നു. മഴക്കാലത്ത് സ്ഥിരമായ ബണ്ട് നിർമ്മാണം നടത്താമെന്ന ഉറപ്പിലാണ് താത്ക്കാലിക ബണ്ടുകൾ നിർമ്മിച്ചത്.
ഈ ഭാഗത്ത് സ്ഥിരം ബണ്ട് നിർമ്മിക്കുന്നതിന് ജലസേചനവകുപ്പ് എൻജിനീയർമാർ തയ്യാറാക്കിയ നാലരക്കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ ഇത് വരെയും അനുമതി നൽകിയിട്ടില്ല.
കർഷക സമിതികളുടെ നേതൃത്വത്തിലുള്ള 13 കമ്മ്യൂണിറ്റി ലിഫ്റ്റ് ഇറിഗേഷൻ സ്‌കീമുകളും കേരള വാട്ടർ അതോറിറ്റി താബോർ, അയ്യംമ്പുഴ ശുദ്ധജലവിതരണ പദ്ധതികളും 6 സ്വജൽധാര കുടിവെള്ള പദ്ധതികളും മുപ്പതോളം ചെറുകിട കുടിവെള്ള പദ്ധതികളുടേയും സ്രോതസ്സ് ഇടത്കര മെയിൻ കനാലാണ്.
കാലവർഷത്തിന് ശേഷം സെപ്തംബർ അവസാനവാരം കനാലിലൂടെ വെള്ളം തുറന്ന് വിടേണ്ടതുണ്ട്. താൽക്കാലികബണ്ടിന് പകരം സ്ഥിരം ബണ്ട് നിർമ്മാണം നടന്നില്ലെങ്കിൽ അടുത്ത വേനലിൽ ജലവിതരണം തകരാറിലാകും.

#പ്രളയത്തിൽ തകർന്ന ചാലക്കുടി ജലസേചന പദ്ധതിയുടെ ഇടതുകര മെയിൻ കനാൽ ബണ്ട് പുനർനിർമ്മാണത്തിന് സർക്കാർ അനാസ്ഥ കാട്ടുന്നു.മുപ്പതിനായിരത്തിലേറെ കുടുംബങ്ങൾ കുടിവെള്ളത്തിനും ജലസേചനത്തിനും ആശ്രയിക്കുന്ന ഇടത്കരമെയിൻ കനാലിന്റെ പുനർനിർമ്മാണ പ്രവർത്തികൾക്ക് ഉടൻ ഭരണാനുമതി നൽകണമെന്ന് ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

ടി.എം. വർഗ്ഗീസ്,​ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം

#താത്കാലിക ബണ്ട് അപകടാവസ്ഥയിൽ

ഇടതുകര മെയിൻ കനാലിന്റെ ആരംഭഭാഗത്ത് പുഴയോട് ചേർന്ന് പത്തരമീറ്റർ വീതിയും, പന്ത്രണ്ട് മീറ്റർ ഉയരവുമുള്ള കനാൽ ബണ്ട് ഇരുന്നൂറ്റി അമ്പത് മീറ്റർ നീളത്തിൽ പുഴയിലേക്ക് ഒലിച്ച് പോയിരുന്നു. മൺചാക്കുകൾ ഇട്ട് താത്ക്കാലിക ബണ്ട് നിർമ്മിച്ചാണ് കഴിഞ്ഞ വേനലിൽ വെള്ളം തിരിച്ചത്. ഈ ഭാഗത്ത് മണൽ ചാക്കുകൾ പുഴയിലേക്ക് ഊർന്നിറങ്ങി കിടക്കുകയാണ്. പുഴയിലെ ജലനിരപ്പ് ഉയരുമ്പോൾ ഈ താത്ക്കാലിക ബണ്ട് വീണ്ടും പുഴയിലേക്ക് തന്നെ ഒലിച്ച് പോകാനിടയുണ്ട്.

#നാലരക്കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ അനുമതി നൽകിയില്ല.

# ജലപ്രളയത്തിന് പിന്നാലെ താത്ക്കാലിക ബണ്ട് സ്ഥിരം ബണ്ടായി പുനനിർമ്മിക്കാമെന്ന് ജലസേചനവകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയിരുന്നു.