ഇടപ്പള്ളി : ട്രോളിംഗ് നിരോധനത്തെ തുടർന്ന് ഗുണനിലവാര പരിശോധന കർശനമാക്കിയതോടെ രാസവസ്തുക്കൾ ചേർത്ത മീനുകൾ വിപണിയിൽ തീരെ കുറഞ്ഞു.
ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ ശേഖരിച്ച മത്സ്യ സാമ്പിളുകളിൽ രാസപദാർത്ഥങ്ങളുടെ അംശം കണ്ടെത്താനായില്ല .
പ്രധാന ഏഴു വിപണ കേന്ദ്രങ്ങളിൽ നിന്ന് 125 സാമ്പിളുകളാണ് പ്രത്യേക സ്‌ക്വാഡ് ശേഖരിച്ചത്.
ട്രോളിംഗ് നിരോധനത്തിന്റെ തുടക്കത്തിൽ വൻതോതിൽ മറുനാടൻ മത്സ്യം വന്നിരുന്നു. പരിശോധനകൾ കർശനമായതോടെയാണ് വരവ് കുറഞ്ഞത്.
അതിർത്തി ചെക്ക്പോസ്റ്റുകളിലും പരിശോധന ഉൗർജിതമാണ്. തമിഴ്‌നാട് ,ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് എറണാകുളം ജില്ലയിലെ ചന്തകളിൽ മത്സ്യം എത്തുന്നത്. ചാള, അയില തുടങ്ങിയവയാണ് ഇതിലേറെയും.
മൂന്നു പേരടങ്ങുന്ന പ്രത്യേക സംഘം ഇപ്പോഴും പരിശോധനകൾ നടത്തുന്നുണ്ട്. ചമ്പക്കര, മട്ടാഞ്ചേരി, മൂവാറ്റുപുഴ,പെരുമ്പാവൂർ, പറവൂർ, വൈപ്പിൻ, കൊച്ചി ഹാർബർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മൂന്നംഗ സംഘം പരിശോധനകൾ തുടരുന്നുണ്ട്. പെരുമ്പാവൂർ മേഖലയിൽ നിന്നും പഴക്കം ചെന്ന മത്സ്യം കണ്ടെത്തി. ഇവ പിടിച്ചെടുത്ത് നശിപ്പിച്ചു .
അതേസമയം ട്രെയിനുകളിൽ കൊണ്ടുവരുന്ന മത്സ്യത്തിന്റെ ഗുണനിലവാര പരിശോധന വേണ്ട രീതിയിൽ നടക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട് .
പരിശോധന തുടരും
പ്രാഥമിക പരിശോധനയിൽ അമോണിയം,ഫോർമാലിൻ തുടങ്ങിയവ കണ്ടെത്താൻ കഴിഞ്ഞില്ല. ചില സാമ്പിളുകൾ കൂടുതൽ പരിശോധകൾക്കായി അയച്ചിട്ടുണ്ട്.
ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഓഫീസർ