കൊച്ചി: കേരള മാനേജ്‌മെൻറ് അസോസിയേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് ആൾ കേരള സി.എസ്. ആർ കോൺക്ലേവ് വനിതാ,ശിശു വികസന വകുപ്പ് ഡയറക്ടർ ഷീബ ജോർജ് ഉദ്ഘാടനം ചെയ്തു.
ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ ഓപ്പറേഷൻസ് മേധാവി കരുണ നാഥ് സെഗാൾ മുഖ്യാതിഥിയായി. റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3201 ഗവർണർ ആർ. മാധവ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. അവിറ്റിസ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽസ് ഡയറക്ടർ ശാന്തി പ്രമോദ് മങ്ങാട്ട്, കെ.എം.എ പ്രസിഡന്റ് ദിനേശ് തമ്പി, മുൻ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്,ഓണററി സെക്രട്ടറി ജോർജ് വി ആന്റണി എന്നിവർ പ്രസംഗിച്ചു.
കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ അവാർഡുകൾ വിതരണം ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ ബി.പിസി.എൽ കൊച്ചി റിഫൈനറി ഒന്നാം സ്ഥാനം നേടി. സ്വകാര്യ മേഖലയിൽ യു.വി.ജെ ടെക്‌നോളജീസ് ഒന്നാം സ്ഥാനവും തിരുവനന്തപുരം യു.എസ്. ടെക്‌നോളജി ഇന്റർനാഷണൽ ലിമിറ്റഡ് രണ്ടാം സ്ഥാനവും നേടി. ഹെൽത്ത് ആൻഡ് ഹൈജീൻ വിഭാഗത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ കൊച്ചിൻ ഷിപ്പ്‌യാർഡ്, സ്വകാര്യ മേഖലയിൽ ശോഭ ലിമിറ്റഡ്, ബാങ്കിംഗ് വിഭാഗത്തിൽ മുത്തൂറ്റ് ഫിനാൻസ്, എൻ.ജി.ഒ വിഭാഗത്തിൽ കാരുണ്യവർഷം ചാരിറ്റബിൾ ട്രസ്റ്റ് എന്നിവർക്ക് പുരസ്‌ക്കാരം ലഭിച്ചു.
കുട്ടികളുടെയും പ്രായമായവരുടെയും പരിചരണത്തിന് മികച്ച എൻ.ജി.ഒയ്ക്കുള്ള പുരസ്‌ക്കാരം ആദർശ് ചാരിറ്റബിൾ സൊസൈറ്റിക്കും രണ്ടാം സ്ഥാനം സിറിയക് ഏലിയാസ് വോളന്ററി അസോസിയേഷൻ, എസ്.ഒ.എസ് ചിൽഡ്രൻസ് വില്ലേജ് എന്നിവരും കരസ്ഥമാക്കി. ബാങ്ക് ആൻഡ് എൻ.ബി.എഫ്.സി വിഭാഗത്തിൽ മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ, സ്വകാര്യ മേഖലയിൽ വി. ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നിവ ഒന്നാം സ്ഥാനവും ടാറ്റ കൺസൾട്ടൻസി സർവീസസ് രണ്ടാം സ്ഥാനവും നേടി.
എൻവയോൺമെന്റ് ആൻഡ് ഗ്രീനറി വിഭാഗത്തിൽ അപ്പോളോ ടയേഴ്‌സ് ഒന്നാം സ്ഥാനവും നിറ്റാ ജെലാറ്റിൻ ഇന്ത്യ ലിമിറ്റഡ്, സ്‌കൈലൈൻ ഫൗണ്ടേഷൻസ് ആൻഡ് സ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് എന്നിവ രണ്ടാം സ്ഥാനവും നേടി.