കൊച്ചി: മൂത്തകുന്നം മുതൽ ഇടപ്പള്ളിവരെയുള്ള ദേശീയപാതയിൽ ആകാശപാതയ്‌ക്കുള്ള സാദ്ധ്യതാപഠനം നടത്തണമെന്ന് ഹൈബി ഈഡൻ എം.പി പാർലമെന്റിൽ ആവശ്യപ്പെട്ടു. മുമ്പ് 30 മീറ്റർ വീതിയിലേക്ക് ഈ ഹൈവേ വികസിപ്പിച്ചപ്പോൾ സ്ഥലം വിട്ടുനൽകിയിട്ടുള്ള അതേയാളുകൾ അത്രയും ഭാഗത്ത് ആകാശപ്പാത (എലിവേറ്റഡ് ഹൈവേ) നിർമിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. നിലവിലെ 30 മീറ്റർ വീതി 45 മീറ്ററാക്കി വികസിപ്പിക്കാൻ ആവശ്യമായ സ്ഥലം ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന ജനങ്ങളുടെ ബുദ്ധിമുട്ടും വൻ സാമ്പത്തിക ബാദ്ധ്യതയും സ്ഥലം ഏറ്റെടുക്കൽ ചെലവുകളും കണക്കിലെടുക്കുമ്പോൾ എലിവേറ്റഡ് ഹൈവേ പദ്ധതിയാണ് കൂടുതൽ പ്രയോജനപ്രദം. ഈ സാഹചര്യത്തിൽ ആകാശപ്പാത നിർമ്മിക്കുന്നതിന് സാദ്ധ്യതാപഠനം വേണം. അല്ലെങ്കിൽ 2013ലെ പുനരധിവാസവും പുന:സ്ഥാപനവും സംബന്ധിച്ച പാക്കേജിലെ വ്യവസ്ഥകൾ പ്രകാരം ഭൂമിയുടെ വില ഉടമസ്ഥർക്ക് നൽകി എത്രയും വേഗം പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ഹൈബി ആവശ്യപ്പെട്ടു.