ആലുവ: ചൂർണിക്കര പഞ്ചായത്തിൽ ഇടമുള പുഴയ്ക്ക് കുറുകെ സ്വകാര്യ വ്യക്തി അനധികൃതമായി നിർമ്മിച്ച നടപ്പാലം യൂത്ത് കോൺഗ്രസും ഡി.വൈ.എഫ്.ഐയും ചേർന്ന് പൊളിച്ചു. ആദ്യമെത്തിയ യൂത്ത് കോൺഗ്രസ് പാലത്തിന്റെ പ്ളാറ്റ്ഫോം നിർമ്മിക്കാൻ ഉപയോഗിച്ച മരപ്പലകകളാണ് പൊളിച്ചത്. പിന്നാലെയെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇരുമ്പ് പട്ടകൾ വെൽഡറെ ഉപയോഗിച്ച് മുറിച്ച് നീക്കി.
ഒരു മാസം മുമ്പും സമാനമായ രീതിയിൽ യൂത്ത് കോൺഗ്രസുകാർ പാലം പൊളിച്ചെങ്കിലും പിന്നീട് ചിലരുടെ ഒത്താശയോടെ കൈയ്യേറ്റക്കാരൻ വീണ്ടും നിർമിക്കുകയായിരുന്നു. പഴയ കോടതി ഉത്തരവിന്റെ മറവിൽ പാലത്തിന് നിയമപരമായ പരിരക്ഷ ഉറപ്പാക്കാനായിരുന്നു കൈയേറ്റക്കാരന്റെ ശ്രമം. പാലം നിലനിർത്തണമെന്നാവശ്യപ്പെട്ട് കൈയ്യേറ്റക്കാരൻ നൽകിയ ഹർജി നേരത്തെ പറവൂർ ജില്ലാ കോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീലിനെ തുടർന്ന് ഹർജിക്കാരന്റെ വാദം കേൾക്കണമെന്ന് ഹൈക്കോടതി പറവൂർ കോടതി ജില്ലാ കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു. പറവൂർ കോടതിയുടെ തീരുമാനം വരുന്നത് വരെ നടപടി നിർത്തിവെയ്ക്കാൻ പഞ്ചായത്തിനും നിർദ്ദേശം ലഭിച്ചിരുന്നു. ഇതിനിടയിൽ ബുധനാഴ്ച്ച നാട്ടുകാർ പാലം പൊളിച്ച സാഹചര്യത്തിലാണ് ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മിറ്റി പാലം പുനസ്ഥാപിക്കരുതെന്ന് കോടതിയെ അറിയിക്കാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ വില്ല്യം ആലത്തറ, നസീർ ചൂർണിക്കര, ലിനേഷ് വർഗീസ്, രാജേഷ് പുത്തനങ്ങാടി, ബിനോയ്, ഷഹനാസ് മുട്ടം, അമൽ അശോകപുരം, അനസ് മുട്ടം, അമൽ ഡോണക്, സാഹിൽ എന്നിവർ ചേർന്നാണ് പാലത്തിലെ പലക നീക്കിയത്. ഡി.വൈ.എഫ്.ഐ ബ്‌ളോക്ക് പ്രസിഡന്റ് കെ.എം. അഫ്‌സൽ, മനോജ് ജോയി, റഹീം, ഷെമീർ എന്നിവരുടെ നേതൃത്വത്തിലാണ് ഇരുമ്പ് പട്ടകൾ നീക്കിയത്. ഇരുമ്പ് പട്ടകൾ മുറിക്കുമ്പോൾ ആലുവ പൊലീസെത്തി തടയാൻ ശ്രമിച്ചെങ്കിലും അനധികൃത നിർമാണമാണെന്ന് ചൂണ്ടികാട്ടി ഡി.വൈ.എഫ്.ഐക്കാർ പ്രതിരോധിച്ചു.
#നിയമം ലംഘിച്ച് വീണ്ടും പാലം
പഞ്ചായത്തിന്റെയോ മേജർ ഇറിഗേഷൻ വകുപ്പിന്റെയോ അനുമതി ഇല്ലാതെയാണ് പുഴയുടെ ഇരുഭാഗത്തെയും പറമ്പുകളെ ബന്ധിപ്പിച്ച് പുഴയ്ക്കു കുറകെ പാലം പണിതത്. റിവർ മാനേജ്‌മെന്റ് നിയമങ്ങളും മാനദണ്ഡങ്ങളും തെറ്റിച്ചാണ് പാലം നിർമിച്ചിരുന്നത്. പാലത്തിന് അടിയിലൂടെ വഞ്ചികൾക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ അത്യാവശ്യ ഘട്ടം വന്നാൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു.
#പാലം പൊളിക്കുന്നതിലും തർക്കം
തങ്ങൾ പാലം പൊളിക്കുന്നതറിഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഡി.വൈ.എഫ്.ഐ പിന്നാലെയെത്തിയതെന്ന് യൂത്ത് കോൺഗ്രസും മറിച്ചാണെന്ന് ഡി.വൈ.എഫ്.ഐ.യും ആരോപിച്ചു. തങ്ങൾ നേരത്തെ നിശ്ചയിച്ചിരുന്നതാണ് സമരമെന്നും ഇതറിഞ്ഞ യൂത്ത് കോൺഗ്രസുകാർ യഥാർത്ഥത്തിൽ പൊളിക്കൽ നാടകമാണ് നടത്തിയതെന്നും ഡി.വൈ.എഫ്.ഐ തിരിച്ചടിച്ചു.
#ഇടമുള പുഴക്ക് കുറുകെ സ്വകാര്യ വ്യക്തി അനധികൃതമായി നിർമ്മിച്ച പാലം യുവജന സംഘടനകൾ പൊളിച്ച സാഹചര്യത്തിൽ പുനസ്ഥാപിക്കാൻ അനുവദിക്കരുതെന്ന് കോടതിയോട് ആവശ്യപ്പെടും.
ബാബു പുത്തനങ്ങാടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
#പാലം പൊളിക്കേണ്ടത് തന്നെയാണെന്നും ഡി.വൈ.എഫ്.ഐ പാലം പൊളിക്കാൻ തീരുമാനിച്ചതറിഞ്ഞതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് പൊളിക്കൽ നാടകം നടത്തിയത്.
എ.പി. ഉദയകുമാർ,സി.പി.എം ഏരിയ സെക്രട്ടറി