വൈപ്പിൻ : സംസ്ഥാനത്ത് മുങ്ങി മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ നീന്തൽ പരിശീലിപ്പിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങളോട് ചേർന്ന് വൈപ്പിൻ കരയിൽ നീന്തൽ പരിശീലനം ആരംഭിച്ചു. ഞാറക്കൽ ഇന്ത്യൻ സ്‌പോർട്ട്‌സ് സെന്ററിലെ ഇൻഡോർ സ്വിമ്മിംഗ് പൂളിലാണ് പരിശീലനം. സായിയുടെ അംഗീകാരമുള്ളവരാണ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. പെൺകുട്ടികൾക്കായി വനിതാ പരിശീലകരുണ്ടാകും. മൂന്ന് മാസമാണ് പരിശീലന കാലാവധി.
ജീവധാര പദ്ധതിയുടെ ഉദ്ഘാടനം വൈപ്പിൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിന്ദു ഗോപി നിർവഹിച്ചു. സ്‌പോർട്ട്‌സ് സെന്റർ ചെയർമാൻ അജിത് മങ്ങാട്ട് അദ്ധ്യക്ഷനായി. ഞാറക്കൽ ശ്രീനി, ഞാറക്കൽ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ജിനി, പിടിഎ പ്രസിഡന്റ് ജെയിൻ ബാബു, ടാലന്റ് പബ്ലിക് സ്‌കൂൾ ഡയറക്ടർ അബ്ദുൾകലാം, നായരമ്പലം ഭഗവതി വിലാസം ഹൈസ്‌കൂൾ കായികാധ്യാപകൻ കെ. എ. സാദിക്, മാനേജിംഗ് ഡയറക്ടർ അനിൽ പ്ലാവിയൻസ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹാരി റാഫേൽ, ഡയറക്ടർ എ. എ. റഫീക്ക് തുടങ്ങിയവർ സംസാരിച്ചു.