കൊച്ചി: സഭയുടെ ആത്മീയതലവൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വൈദികർ യോഗം ചേർന്നത് ഗൗരവമായി ചർച്ച ചെയ്യാൻ സീറോ മലബാർ സഭയുടെ അസാധാരണ സ്ഥിരം സിനഡ് യോഗം ഇന്ന് ചേരും. കർദ്ദിനാളിനെതിരെ യോഗം സംഘടിപ്പിച്ച വൈദികർക്കെതിരെ നടപടി ഒഴിവാക്കി സമവായത്തിനാണ് സഭാ നേതൃത്വം ശ്രമിക്കുക.
സഭാ നേതൃത്വത്തിനെതിരെ 251 വൈദികർ ഈമാസം രണ്ടിന് യോഗം ചേർന്ന് വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിലാണ് കർദ്ദിനാൾ ഉൾപ്പെടെ അഞ്ചു പേർ ഉൾപ്പെട്ട സ്ഥിരം സിനഡ് വിളിക്കാൻ ഇന്നലെ തീരുമാനിച്ചത്. ബിഷപ്പുമാർക്ക് വ്യക്തിപരമായ അറിയിപ്പ് നൽകിയിട്ടുണ്ട്. കാക്കനാട്ട് സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ രാവിലെ 11 നും ഉച്ചയ്ക്ക് 2 നുമിടയിൽ യോഗം ആരംഭിക്കും. വൈദികർ യോഗം ചേർന്നത് മാത്രമാകും ചർച്ച ചെയ്യുകയെന്ന് സഭാ വൃത്തങ്ങൾ 'കേരളകൗമുദി'യോട് പറഞ്ഞു.
എറണാകുളം അങ്കമാലി അതിരൂപതയുടെ മുൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും പാലക്കാട് ബിഷപ്പുമായ ജേക്കബ് മനത്തോടത്ത് ഒഴികെ മറ്റ് നാലുപേരും പങ്കെടുക്കും. വിദേശസന്ദർശനം നടത്തുന്ന മനത്തോടത്തിന്റെ പ്രതിനിധി സിനഡിൽ പങ്കെടുത്തേക്കും.
എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല ഏറ്റെടുത്ത ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത വൈദികർക്കെതിരെ നടപടി സ്വീകരിക്കണമെന്ന അഭിപ്രായം സഭയിൽ ശക്തമാണ്. നടപടിയല്ല സമവായവും ഐക്യവും യോജിപ്പുമാണ് ആദ്യം ആവശ്യമെന്നാണ് ബിഷപ്പുമാരുടെ പൊതു അഭിപ്രായം. നിലവിലെ പ്രതിസന്ധിയും വൈദികരുടെ പ്രതിഷേധവും എങ്ങനെ നേരിട്ട് മുന്നോട്ടു പോകണമെന്നതാകും പ്രധാനമായും ചർച്ച ചെയ്യുക. വൈദികരുമായി ചർച്ച നടത്തുന്നതും പരിഗണിച്ചേക്കും. സഭാവിരുദ്ധമായ നിലപാടുകൾ കർക്കശമായി നേരിടാനും സിനഡിൽ തീരുമാനിച്ചേക്കും.
സമവായത്തിനുള്ള നീക്കങ്ങൾ വിജയിച്ചില്ലെങ്കിൽ ആഗസ്റ്റിൽ ചേരുന്ന വാർഷിക സിനഡിൽ വൈദികർക്കെതിരെ നടപടി ചർച്ച ചെയ്താൽ മതിയെന്നാണ് ബിഷപ്പുമാരുടെ നിലപാട്. അതുവരെയും സമവായ ശ്രമങ്ങൾ തുടരും.
# അസാധാരണ യോഗം
സീറോ മലബാർസഭയിലെ മുഴുവൻ ബിഷപ്പുമാരും പങ്കെടുക്കുന്ന സിനഡ് യോഗം വർഷത്തിൽ ഒരു തവണയാണ് ചേരുക. സഭയെ ബാധിക്കുന്ന അടിയന്തരഘട്ടങ്ങളിൽ സ്ഥിരം സിനഡ് ചേർന്ന് താത്കാലിക തീരുമാനങ്ങളെടുക്കും. ആഗസ്റ്റിൽ വാർഷിക സിനഡ് ചേരുമെങ്കിലും വൈദികൾ പരസ്യമായി പ്രതിഷേധിച്ചതോടെയാണ് അസാധാരണ സ്ഥിരം സിനഡ് യോഗം വിളിക്കാൻ തീരുമാനിച്ചത്.
# കുതന്ത്രമെന്ന് സമിതി
കർദ്ദിനാളിനെ അതിരൂപതാ ഭരണം ഏല്പിച്ചത് കുതന്ത്രത്തിൽ കൂടിയാണ്. റോമിലെ പൗരസ്ത്യസംഘവുമായി ഒത്തുചേർന്നാണ് ഉത്തരവ് സംഘടിപ്പിച്ചതെന്ന് സംശയിക്കുന്നു. സഹായ മെത്രാന്മാരെ നീക്കിയതിന്റെ കാരണവും രഹസ്യമായി വയ്ക്കുന്നതും സംശയകരമാണ്.
മാത്യു ജോസഫ്,
പ്രസിഡന്റ്,
അതിരൂപതാ സുതാര്യതാ സമിതി