നെടുമ്പാശേരി: അത്താണി തുരുത്തിശ്ശേരി ഗവ:എൽ.പി സ്‌കൂളിലും, സെന്റ് ആന്റണീസ് പള്ളിയിലും, പരിസരത്തെ വീടുകളിലും മോഷണശ്രമം. അത്താണി സെന്റ് ആന്റണീസ് പള്ളിയിലെ ഭണ്ഡാരം തകർത്ത് പണമെടുത്ത ശേഷം എം.എ.എച്ച്.എസ് ഗ്രൗണ്ടിൽ ഉപേക്ഷിച്ച നിലയിലും കണ്ടത്തെി.

തുരുത്തിശ്ശേരി സ്‌കൂളിലെ ക്ലാസ് മുറികളുടെയും, ഓഫീസിന്റെയും വാതിലുകളും, അലമാരകളും തകർത്ത നിലയിലാണ്. രാവിലെയത്തെിയ സ്‌കൂൾ ബസിന്റെ ഡ്രൈവർ മാർട്ടിനാണ് ക്ലാസ് മുറികളുടെയും, ഓഫീസിൻെറയും വാതിലുകൾ തകർന്ന നിലയിൽ കണ്ടത്. തുടർന്ന് ചെങ്ങമനാട് പൊലീസും സ്ഥലത്തത്തെുകയായിരുന്നു. കമ്പ്യൂട്ടർ മുറിയുടെ പൂട്ടും തകർത്തു. അലമാരയിലിരുന്ന ഓഫീസ് രേഖകളും വാരിവിതറിയ നിലയിലായിരുന്നു. സ്മാർട്ട് ക്ലാസ്രൂമിൻെറ വാതിലും തകർത്തു. പൂട്ടുകൾ തകർക്കാനുപയോഗിച്ച ഒരു ഡസനോളം ടൂൾസ് ടിപ്പുകളും, അനുബന്ധ സാധനങ്ങളും സ്‌കൂളിന്റെ ചുറ്റുഭാഗങ്ങളിൽ നിന്ന് കണ്ടെടുത്തു. സ്‌കൂളിൽ മാസങ്ങൾക്ക് മുമ്പ് മൂന്ന് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ പ്രവർത്തനരഹിതമാണ്.

സെന്റ് ആന്റണീസ് പള്ളിയിലെ ഭണ്ഡാരത്തിൽ നിന്ന് ഏകദേശം 2000 രൂപയെങ്കിലും നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. പള്ളി ഹാളിന് സമീപത്തെ വാതിലിന്റെ പൂട്ട് അകറ്റിമാറ്റാൻ ശ്രമിച്ചിട്ടുണ്ട്. സമീപത്തുള്ള മേനാച്ചേരി പൗലോസ്, അരീക്കൽ വർഗീസ് എന്നിവരുടെ വീടുകളും കുത്തിത്തുറന്ന് അലമാരയിലെ വസ്ത്രങ്ങളും, മറ്റും വാരി വിതറിയ നിലയിലായിരുന്നു. പൗലോസ് പുതിയ വീട്ടിലേക്ക് അടുത്തിടെ താമസം മാറിയതിനാൽ പഴയ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വീടിന്റെ കട്ടിലിൽ കിടന്നതിന്റെ അടയാളങ്ങളുണ്ട്. സ്ത്രീയുടെ ബ്‌ളൗസും മുറിയിൽ നിന്ന് കണ്ട് കിട്ടി.

വർഗീസ് വേളാങ്കണ്ണി തീർഥാടനത്തിന് പോയതിനാൽ വീട് അടഞ്ഞ് കിടക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ രണ്ട് നാടോടി സ്ത്രീകൾ ആക്രി സാധനങ്ങൾ പെറുക്കാനെന്ന വ്യാജേനെ പരിസരത്തെ വീടുകളിൽ ചുറ്റിക്കറങ്ങിയതായി നാട്ടുകാർ പറയുന്നു.

#പൊലീസ് രാത്രികാല പെട്രോളിങ് ശക്തമാക്കണം.

ഒ.എം. പ്രിൻസ് ,​സ്കൂൾ പി.ടി.എ പ്രസിഡന്റ്