കടുങ്ങല്ലൂർ: കടുങ്ങല്ലൂർ പഞ്ചായത്തിന്റെ സമ്പൂർണ്ണ പ്ലാസ്റ്റിക്ക് നിർമ്മാർജനത്തിന്റെ ഭാഗമായി വീടുകളിൽ നിന്നും പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുന്ന പദ്ധതിക്ക് കിഴക്കെ കടുങ്ങല്ലൂരിൽ തുടക്കമായി. മുല്ലേപ്പിള്ളി റോഡ് റസിഡൻസ് അസോസിയേഷനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ മുല്ലേപ്പിള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി പി.ആർ.വിജയകുമാർ,. കെ.എൻ.രാജൻ, ഹരീഷ്, വേണുഗോപാൽ, സുരേഷ്‌കുമാർ, മല്ലിക എന്നിവർ സംബന്ധിച്ചു.
കുടുംബശ്രീ പ്രവർത്തകർ വീടുകളിൽ എത്തി ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിന് രണ്ടു മാസത്തേക്ക് 50 രൂപയാണ് വീട്ടുകാർ നൽകേണ്ടത്. ഇപ്പോൾ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മാത്രമാണ് ശേഖരിക്കുന്നതെങ്കിലും ക്രമേണ മറ്റു മാലിന്യങ്ങളും ശേഖരിക്കുമെന്ന് പ്രസിഡന്റ് രത്‌നമ്മ സുരേഷ് പറഞ്ഞു.