കാലടി: ടൗണിലെ കുടിവെള്ള ക്ഷാമം എത്രയും വേഗം പരിഹരിക്കണമെന്ന് ആശ്രമം നഗർ റസിഡൻസ് അസോസിയേഷൻ യോഗത്തിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പരാതി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി അധികൃതർക്ക് നൽകി. ടൗണിലെ ഇരുന്നുറോളം വീടുകളാണ് വെള്ളം കിട്ടാതെ കഷ്ടപ്പെടുന്നത്. വെള്ളം എത്തിയാൽ തന്നെ വാട്ടർപ്രഷർ കുറവുള്ളതിനാൽ ആവശ്യത്തിന് വെള്ളം ലഭിക്കുുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരാണെങ്കിലും കിണറുകളിൽ വെള്ളമില്ലാത്ത അവസ്ഥയാണുള്ളത്. മറ്റ് സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് ഇറിഗേഷൻ കനാൽ വഴി വെള്ളം ലഭിക്കുമ്പോൾ ടൗണിലുള്ളവർക്ക് വെള്ളം ലഭിക്കുന്നില്ല. ജോലിക്കാരും, സ്കൂൾ വിദ്യാർത്ഥികളും, മുതിർന്ന പൗരന്മാരും ഇക്കാരണത്താൽ ഏറെ ദുരിതമനുഭവിക്കുന്നു. നിരവധി സ്ഥാപനങ്ങളും, റസ്റ്റോറന്റുകളും പ്രവർത്തിക്കുന്ന കാലടി ടൗണിൽ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാൽ ജിവിതം ദുസ്സഹമാണ്. അടിയന്തിരമായ ഇക്കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ അധികൃതരോട് ആവശ്യപ്പെട്ടു. കെ എൻ നബുതിരി അദ്ധ്യക്ഷത വഹിച്ചു.