venugopal

കൊച്ചി: പൊലീസ് മർദ്ദനത്തിൽ മരിച്ച രാജ്കുമാറിനെ കസ്‌റ്റഡിയിൽ എടുത്തതു മുതലുള്ള മുഴുവൻ വിവരങ്ങളും ഇടുക്കി പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ അറിഞ്ഞിരുന്നതായി ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തി. ജൂൺ 12ന് രാജ്കുമാർ ഉൾപ്പെടെ മൂന്നു പേരെ വായ്‌പാ തട്ടിപ്പു കേസിൽ കസ്‌റ്റഡിയിലെടുത്തതായി എസ്.പിയെ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് അറിയിച്ചിരുന്നു. വയർലസ് സെറ്റു വഴി എസ്.പിമാരെ ടെെഗർ എന്ന് അഭിസംബോധന ചെയ്താണ് വിവരം അറിയിക്കുന്നത്. പൊലീസ് സ്‌റ്റേഷനിൽ പ്രതി അവശനിലയിലാണെന്നും എത്രയും വേഗം മെഡിക്കൽ പരിശോധന നടത്തണമെന്നും വിശദീകരിച്ച് 14ന് മറ്റൊരു റിപ്പോർട്ടും നൽകി.

വിവരങ്ങൾ ശേഖരിക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ആദ്യം മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചു. പിന്നീട് ഇവർ റിപ്പോർട്ട് രേഖാമൂലം എസ്.പിക്ക് നൽകിയെന്നാണ് കണ്ടെത്തൽ.

രാജ്‌കുമാർ മരിച്ചതോടെ താനൊന്നുമറിഞ്ഞില്ലെന്ന നിലപാടിലായിരുന്നു എസ്.പി. 13 ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമെടുത്തു. ജൂൺ രണ്ടു മുതൽ 16 വരെ അവധിയിലായിരുന്ന നെടുങ്കണ്ടം സി.ഐ റെജിയെയും സ്ഥലം മാറ്റി. ഈ ഉദ്യോഗസ്ഥരൊന്നും വിവരമറിയിച്ചില്ലെന്നതിന്റെ പേരിലായിരുന്നു എസ്.പിയുടെ നടപടി.

സി.ഐ 17 ന് രാവിലെ പത്തിനാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്. 16ന് രാത്രി മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ രാജ്കുമാറിനെ ജയിലിലേക്ക് റിമാൻഡ് ചെയ്‌തിരുന്നു.

വായ്പാ തട്ടിപ്പിലൂടെ രാജ്കുമാർ സമാഹരിച്ച പണം കണ്ടെത്തിയിട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കിയാൽ മതിയെന്ന് എസ്.പി എസ്.ഐ സാബുവിന് നിർദ്ദേശം നൽകിയിരുന്നുവെന്ന വിവരവും പറത്തുവന്നു. ഇതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

 പ്രാകൃതമായി പീഡിപ്പിച്ചു

രാജ്കുമാറിനെ പ്രാകൃതമായി പീഡിപ്പിച്ചെന്ന് എസ്.ഐ സാബുവിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇരു കാലുകളും ബലമായി പിന്നിലേക്ക് വിടർത്തിവച്ച് മർദ്ദിച്ചു. കാൽവെള്ളയിലും തുടകളിലും ദണ്ഡു പോലുള്ള ആയുധങ്ങൾ ഉപയോഗിച്ച് മർദ്ദിച്ചു. ഇതോടെ നടക്കാനോ കാലുകൾ ചലിപ്പിക്കാനോ പറ്റാത്ത അവസ്ഥയായി.

വണ്ടിപ്പെരിയാറിൽ തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ പൊലീസ് ഡ്രൈവർ സജീവ് ആന്റണി ക്രൂരമായി മർദ്ദിച്ചു. ഇത് തടയാൻ മേലുദ്യോഗസ്ഥനെന്ന നിലയിൽ എസ്.ഐ ശ്രമിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.