പറവൂർ : നിക്ഷേപകരുടെ പണവുമായി മുങ്ങിയ ‘തത്ത്വമസി’ ചിട്ടി സ്ഥാപന ഉടമയെ കണ്ടെത്തുന്നതിനുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഉന്നതതല ഉദ്യോഗസ്ഥർക്കും പണം നഷ്ടപ്പെട്ടവർ പരാതി നൽകി. പണം നഷ്ടമായ അറുപത് പേരുടെ വിലാസവും നഷ്ടപ്പെട്ട തുകയും സഹിതം കിഴക്കേപ്രം കോട്ടയ്ക്കാപറമ്പിൽ ഇന്ദുവിന്റെയും ഭർത്താവ് സുരേഷിന്റെയും നേതൃത്വത്തിൽ പരാതി നൽകി.2017 ഓഗസ്റ്റിൽ പെരുവാരം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ചിട്ടിസ്ഥാപനം പൂട്ടി ഉടമ ചെറായി തൈക്കൂട്ടത്തിൽ കിഷോർ മുങ്ങുകയായിരുന്നു. കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടന്നതായാണ് നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും രണ്ടു വർഷത്തോളമായിട്ടും സ്ഥാപന ഉടമയെ പിടികൂടാനായിട്ടില്ല. ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോൾ ആയിട്ടില്ലെന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്. അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ സമരങ്ങൾ നടത്തിയെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്ന് പരാതിക്കാരനായ സുരേഷിന്റെ പ്രതികരണം.