kmea
ആസ്‌ട്രേലിയയിലെ മർഡോക്ക് സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ എടത്തല കെ.എം.ഇ.എ എഞ്ചിനീയറിംഗ് കോളേജുമായി സഹകരിച്ച് നടത്തുന്ന പ്രൊജക്ട് വർക്കിൽ നിന്ന്.

ആലുവ: ഇന്റർനാഷണൽ നോളഡ്ജ് എക്‌സ്‌ചേഞ്ച് പരിപാടിയുടെ ഭാഗമായി ഓസ്‌ട്രേലിയയിൽ നിന്നുള്ള വിദ്യാർത്ഥികൾ എടത്തല കുഴിവേലിപ്പടി കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജ് സന്ദർശിച്ചു. ഓസ്‌ട്രേലിയയിലെ മർഡോക്ക് സർവകലാശാലയിലെ എൻവിയോൺമെന്റൽ എൻജിനീയറിംഗ് വിദ്യാർത്ഥികളായ ഹെയ്‌ലി ബട്ട്‌ലർ, ജാക്ക് കുക്ക്, ഏറീന സംകോഫ്, ഇവാന ടുകാകോവിക്ക് എന്നിവരാണ് കോളേജ് സന്ദർശിച്ചത്.

കോളേജിലെ അത്യാധുനിക ലബോറട്ടറികളിൽ വിവിധ പരീക്ഷണങ്ങളിൽ അവർ പങ്കാളികളായി. തുടർന്ന് വാർഡ് മെമ്പർ ലളിത ഗോപിനാഥിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ ജലസ്രോതസുകളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിച്ചു. കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജിലെ സിവിൽ, മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റുകളുമായി സഹകരിച്ചു നടത്തുന്ന പ്രോജക്ട് വർക്കിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളുടെ പ്രൊജക്ടുകളും സംഘം നിരീക്ഷിച്ചു.
വിദ്യാർത്ഥികളുടെ മലിനജല സംസ്‌കരണ പ്രൊജക്ട് സംഘത്തെ ഏറെ ആകർഷിച്ചു. മെക്കാനിക്കൽ വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത പ്രളയകാലത്തേയ്ക്കുതകുന്ന എക്‌സ്ട്രിക്കേറ്റർ എന്ന മൾട്ടിപർപ്പസ് റെസ്‌ക്യൂ വെഹിക്കിളിനെക്കുറിച്ചും അതിന്റെ വിപണന സാധ്യതയും സ്റ്റാർട്ട് അപ്പ് സംബന്ധിച്ചിട്ടുള്ള ചർച്ചകളും നടന്നു. മർഡോക്ക് സർവകലാശാലയുമായി ചേർന്ന് നൂതന പദ്ധതികൾ ആവിഷ്‌കരിച്ചു .
കോളേജ് സംഘടിപ്പിക്കുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾ കെ.എം.ഇ.എ ഡയറക്ടർ ഡോ: ടി.എം. അമർനിഷാദുമായി ചർച്ച ചെയ്തു.