പറവൂർ : നൂറ്റാണ്ട് പഴക്കമുള്ള നമ്പൂരിയച്ചൻആൽ മരത്തിന്റെ വലിയ ശിഖിരം ഒടിഞ്ഞു വീണു. മെയിൻ റോഡിനു കുറുകെ ശിഖിരം വീണതിനാൽ നഗരത്തിലെ ഗതാഗതം മണിക്കൂറുകൾ താറുമാറായി. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. പറവൂർ സ്വദേശികളായ ശ്യാമിലി (25), ശരണ്യ (25), ശരണ്യയുടെ മകൻ വൈദേവ് (ആറു മാസം) എന്നിവർ സഞ്ചരിച്ചിരുന്ന വാഹനവും കരുമാലൂർ സ്വദേശി ബേബി (50)ന്റെ വണ്ടിയുമാണ് അടിയിൽപ്പെട്ടത്. വലിയകൊമ്പുകൾ ഇവർക്കുമേൽ പതിക്കാതിരുന്നതിനാൽ ദുരന്തമൊഴിവായി. ഓടിക്കൂടിയ നാട്ടുകാർ ആദ്യം കുട്ടിയെയും പിന്നീടു മുറ്റുള്ളവരെയും രക്ഷപെടുത്തി. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ കുടുംബം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. എതിർവശത്തെ കടകൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 11 കെ.വി ലൈൻ പൊട്ടിവീഴാഞ്ഞത് വൻ അപകടം ഒഴിവായി. പൊലീസും ഫയർഫോഴ്സും നഗരസഭാ ജീവനക്കാരും സന്നദ്ധ പ്രവർത്തകരും മരക്കൊമ്പുകൾ നീക്കം ചെയ്യാൻ രംഗത്തിറങ്ങി. മൂന്ന് മണിക്കൂർ നേരത്തെ ശ്രമഫലമായാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. തഹസിൽദാർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ആൽമരത്തിന്റെ അപകടാവസ്ഥയിലുള്ള ശിഖിരങ്ങൾ മുറിച്ചു മാറ്റാൻ തഹസിൽദാർ ജില്ലാ കളക്ടറുടെ അനുമതി തേടിയട്ടുണ്ട്.ആൽമരത്തിന്റെ ശിഖരങ്ങൾ മുറുച്ചു മാറ്റുന്നതിന് വിശ്വാസ പ്രകാരം പൂജകളും ചടങ്ങുകളുമുണ്ട്. പറവൂരിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ആലാണ് നിലംപൊത്തിയത്. താന്ത്രികനായ പുളിയാമ്പുള്ളി നമ്പൂതിരിയുടെ ആത്മചൈതന്യം ആൽമരത്തിൽ കുടികൊള്ളുന്നുണ്ടെന്നാണ് വിശ്വാസം. സർവവിഞ്ജാന കോശത്തിൽ കേരള ചരിത്രം പറയുന്ന ഭാഗത്ത് ഈ ആലിനെക്കുറിച്ച് പരാമർശമുണ്ട്.