1
ജില്ലാ കളക്ടർ തേവര വൃദ്ധസദനത്തിൽ അന്തേവാസികളോടൊപ്പം

തൃക്കാക്കര : തേവര വൃദ്ധസദനത്തിൽ അതിഥിയായി .ജില്ലാ കളക്ടർ എസ്. സുഹാസ്.എറണാകുളത്തെ ഏക സർക്കാർ വൃദ്ധസദനമായ ഇവിടെ 43 അന്തേവാസികളാണുള്ളത്. അന്തേവാസികളുടെ പ്രശ്നങ്ങൾ കളക്ടർ ക്ഷമാപൂർവം കേട്ടു. വൃദ്ധസദനത്തിലെ താമസവും പരിചരണവും സംബന്ധിച്ച് ആർക്കും എതിരഭിപ്രായമില്ല. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ഓരോ ദിവസവും വിരസമായി അവസാനിക്കുന്നു എന്ന സങ്കടമായിരുന്നു പലർക്കും. കൈത്തുന്നലോ ചിത്രത്തുന്നലോ ഫാബ്രിക് പെയിന്റിങ്ങോപോലെ ഇരുന്നുചെയ്യാവുന്നതും എല്ലാവർക്കും താൽപര്യമുള്ളതുമായ കൈവേല അഭ്യസിപ്പിക്കാൻ കളക്ടർ സൂപ്രണ്ടിന് നിർദ്ദേശം നൽകി.
'ഫിസിയോ തെറാപ്പി ചെയ്യാൻ ഒരു പ്രത്യേക ഉപകരണംഉടനെ എത്തിക്കാമെന്ന് ഉറപ്പ് കൊടുത്തു.മുഴുവൻ സമയവും ഒരു ആയുർവ്വേദ ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം ഉറപ്പുവരുത്താനും സൂപ്രണ്ടിനോട് നിർദ്ദേശിച്ചു. നൂറ് അന്തേവാസികളെ ഉൾക്കൊള്ളാനുള്ള കെട്ടിടസൗകര്യമുണ്ടെങ്കിലും ജീവനക്കാരില്ലെന്ന കുറവ് ജില്ലാ സാമൂഹ്യനീതി ഓഫീസർ ടി.കെ.രാംദാസ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തി. 50 പേരെ താമസിപ്പിക്കാനേ ഇപ്പോൾ നി​ർവ്വാഹമുള്ളൂ. സാമൂഹ്യസുരക്ഷാ മിഷൻ മുഖേന ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താമെന്ന് കളക്ടർ ഉറപ്പുനൽകി.
പാട്ടുപാടാനോ നൃത്തംവെയ്യാനോ താൽപര്യമുള്ളവരുണ്ടെങ്കിൽ വന്നു ചെയ്യൂ എന്നു കേൾക്കേണ്ട താമസം, പലരും പരിപാടികൾ അവതരിപ്പിച്ചു. കളക്ടർ സമ്മാനവും പ്രഖ്യാപിച്ചു, ഒരു മാസത്തിനകം ഒരു മ്യൂസിക് സിസ്റ്റം.