കേന്ദ്രമന്ത്രിക്ക് നിവേദനം
കൊച്ചി: ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് വരെമെട്രോയുടെ രണ്ടാം ഘട്ടം
യാഥാർത്ഥ്യമാക്കുന്നതിനാവശ്യമായ മന്ത്രിസഭ അംഗീകാരവും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ബോർഡിന്റെ ക്ലിയറൻസും വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി കേന്ദ്ര നഗരകാര്യ വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിക്ക് നിവേദനം നൽകി.
മെട്രോ പദ്ധതിയിൽ ലാഭകരമാകാൻ സാദ്ധ്യതയുള്ള ഒരുമേഖലയാണ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ളത്. പ്രതിദിനം അൻപതിനായിരത്തോളം യാത്രക്കാരെ പ്രതീക്ഷിക്കാവുന്ന റീച്ചാണിത്. ജില്ലാ ഭരണസിരാകേന്ദ്രമായ കളക്‌ടറേറ്റ്, 25,000 ൽ പരം ഐ.ടി ജീവനക്കാർ ജോലി ചെയ്യുന്ന ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി എന്നിവഇവിടെയാണ്. മെട്രോ പദ്ധതി ഇൻഫോപാർക്കിലേക്ക് നീളുന്നതോടെ ഐ.ടി രംഗത്തെ വനിത ജീവനക്കാർക്ക് രാത്രി കാലങ്ങളിൽ സുരക്ഷിത യാത്ര കൂടിയാകും.11.3 കിലോമീറ്ററുകളിലായി 11 സ്റ്റേഷനുകളാണ് രണ്ടാം ഘട്ടത്തിൽ. പദ്ധതിക്ക് 2019 ഫെബ്രുവരിയിൽ തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. . ഇത് സംബന്ധിച്ച് ചില വിവരങ്ങൾ സംസ്ഥാന സർക്കാരിൽ നിന്ന് തേടി ഐ.ബി ക്ലിയറൻസ് ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി ഹൈബി അറിയിച്ചു. ബെന്നി ബഹ്‌നാൻ എം.പിയും ഹൈബി ഈഡനൊപ്പമുണ്ടായിരുന്നു. കൊച്ചി മെട്രോയുടെ മൂന്നാം റീച്ച് ആലുവ മുതൽ നെടുമ്പാശ്ശേരി എയർപോർട്ട് വരെ പരിഗണിക്കണമെന്ന് ബെന്നി ബെഹ്‌നാനും ആവശ്യപ്പെട്ടു.