# തിരിമറി നടത്തിയത് ആർഭാടജീവിതത്തിനും ലോട്ടറി ടിക്കറ്റ് എടുക്കാനും
പൂണിത്തുറ: സർവീസ് സഹകരണ ബാങ്കിൽ 10.89 ലക്ഷം രൂപയും 32 പവൻ സ്വർണവും തിരിമറി നടത്തിയ കാഷ്യറുടെ ചുമതലയുണ്ടായിരുന്ന താത്കാലിക ജീവനക്കാരൻ എരൂർ വെസ്റ്റ് ശശി നിവാസിൽ വി.എസ്. വിനോദ്കുമാറിനെ (38) മരട് പൊലീസ് അറസ്റ്റ്ചെയ്തു. ബാങ്ക് സെക്രട്ടറി നൽകിയ പരാതിയിലാണ് അറസ്റ്റ്. ആർഭാട ജീവിതത്തിനും ലോട്ടറി എടുക്കാനുമായിരുന്നു ഇയാൾ പണം ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.
ലോക്കറിൽ 7കിറ്റുകളിലായി സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് തിരിമറി നടത്തിയത്. വലിയ തുകയുടെ നോട്ടുകെട്ടുകളിൽ നിന്ന് ഊരി മാറ്റുന്ന നോട്ടിന്റെ സ്ഥാനത്ത് 50,10 രൂപാ നോട്ടുകൾ തിരുകിവച്ചായിരുന്നു തട്ടിപ്പ്. യന്ത്രത്തിൽ എണ്ണുമ്പോൾ എണ്ണം കൃത്യമായിരിക്കാനാണ് ഇത്തരത്തിൽ ചെയ്തത്. സ്വർണം വിവിധ ബാങ്കുകളിൽ പണയം വച്ചു.
മാർച്ച് 6 മുതലാണ് ഇയാൾ കാഷ്യറായി ജോലി ചെയ്തിരുന്നത്. സ്വർണപ്പണയത്തിന്റേയും പണത്തിന്റെയും ചുമതല ഇയാൾക്കായിരുന്നു. മരട് സി.ഐ സി. വിനോദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ആശങ്കവേണ്ട: ബാങ്ക് പ്രസിഡന്റ്
"ആരുടെയും സ്വർണം നഷ്ടപ്പെടില്ല. പണംകൂടാതെ 7കിറ്റുകളിലായി സൂക്ഷിച്ചിരുന്ന 4പേരുടെ സ്വർണത്തിൽ മാത്രമാണ് തിരിമറി നടത്തിയിട്ടുള്ളത്. ഇത് സമീപത്തെ ചില ബാങ്കുകളിൽ പണയംവച്ചതായി കണ്ടെത്തിയിട്ടുണ്ട്. കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീണ്ടെടുക്കുന്ന സ്വർണം കാലതാമസം കൂടാതെതന്നെ സഹകാരികൾക്കു കൈമാറും. നഷ്ടപ്പെട്ട 10,89,416രൂപ ഇയാളുടെ സ്വത്തുവകകൾ കണ്ടുകെട്ടി ഈടാക്കും. സഹകാരികൾ ആശങ്കപ്പെടേണ്ടതില്ല.”
എ.എൻ. കിഷോർ
പ്രസിഡന്റ്,പൂണിത്തുറ സർവീസ് സഹകരണ ബാങ്ക്