കോലഞ്ചേരി: നെല്ലാട് മനയ്ക്കക്കടവ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഓടകൾ നിർമ്മിക്കുന്നതിനായി മാസങ്ങൾക്ക് മുമ്പ് താഴ്ത്തിയ കുഴികളിൽ സ്ലാബിട്ട് മൂടാത്തത് യാത്രക്കാർക്ക് ഭീഷണിയായി. നൂറുകണക്കിന് വാഹനങ്ങൾ ദിനം പ്രതി കടന്നുപോകുന്ന തേക്കടി എറണാകുളം സംസ്ഥാന പാതയാണിത്.
റോഡ് നിർമ്മാണം ആരംഭിച്ചപ്പോഴേ അപാകത നാട്ടുകാർ ചൂണ്ടിക്കാണിച്ചിരുന്നു. പുറമ്പോക്കുകൾ പൂർണമായും എടുക്കാതെയും പുതിയ ഓടകൾ നിർമ്മി ക്കുന്നതിനുപകരം പഴയ ഓടയുടെ ഉയരം കൂട്ടുകയും മുകളിൽ സ്ലാബ് ഇടുകയുമാണ് പല ഭാഗത്തും ചെയ്തിട്ടുള്ളത്. പട്ടിമറ്റം കണ്ടങ്ങതാഴത്ത് ഓടയ്ക്ക് വേണ്ടി താഴ്ത്തിയ കുഴിയിൽ വീണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഈ ഭാഗത്ത് റോഡിന് വീതിവളരെ കുറവുമാണ്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.