പാഴ്‌വസ്തുക്കളിലും കൈലേസിലും വിരിയുന്നത് വർണജാലം
കൊച്ചി: പഴയ കുപ്പി, നോൺസ്റ്റിക് പാത്രങ്ങൾ, ഇസ്തിരിപ്പെട്ടി, റാന്തൽ വിളക്ക്, ഇവയൊക്കെ വലിച്ചെറിഞ്ഞ് കളയരുതെന്ന് പറയുകയാണ് റിട്ട. ചീഫ് എൻജിനീയർ സാറ ജോർജ്. കലാവാസനയും അല്പം സമയവുമുണ്ടെങ്കിൽ സ്വീകരണമുറിയുടെ കാഴ്ചയാകെ മാറ്റിമറിയ്ക്കാൻ പാഴ്‌വസ്തുക്കൾക്കാകുമെന്ന് സാറയുടെ ഉറപ്പ്. ഡെക്കോപാഷ് എന്ന വിക്ടോറിയൻ ഫ്ളോറൽ ആർട്ട് വർക്കിനെ കൂട്ടുപിടിച്ചാണ് ഉറപ്പ്. ഡെക്കോപാഷ് കൊച്ചിക്കാരെ പഠിപ്പിക്കാൻ ജൂലായ് 12 ന് പനമ്പിള്ളി നഗറിലെ പെപ്പർഫ്രൈ സ്റ്റുഡിയോയിലും 24ന് ചിറ്റൂർ റോഡിലെ വൈ.എം.സി.എ ഹാളിലും തിരുവനന്തപുരം സ്വദേശിയായ സാറ ജോർജ് ശില്പശാല നടത്തും.
അമേരിക്കയിലുള്ള ഭർത്താവിനെ സന്ദർശിച്ചപ്പോഴാണ് ഡെക്കോപാഷ് സാറ ആദ്യമായി കാണുന്നത്. അവധിയെടുത്ത് മൂന്നു വർഷം ഭർത്താവുമൊത്ത് താമസിച്ച കാലത്ത് കല പഠിച്ചു. വിരമിച്ചശേഷം ഭർത്താവിനും മകൾക്കുമൊപ്പം അമേരിക്കയിൽ സ്ഥിരതാമസത്തിന് മകനോടൊപ്പം പോകാനൊരുങ്ങിയ സമയം. മകനുണ്ടായ അപകടം പദ്ധതി തകിടം മറിച്ചു. മകനൊപ്പം ചെലവഴിച്ച സമയം സങ്കടങ്ങളിൽ നിന്ന് കരകയറാൻ ഡെക്കോപാഷിനെ കൂട്ടുപിടിക്കാൻ മകളാണ് സാറയെ ഉപദേശിച്ചത്. സാറയുടെ തിരുവനന്തപുരത്തെ ഫ്ളാറ്റിലെ മുറികളിലാകെ പലതരം ഡെക്കോപാഷ് വസ്തുക്കൾ നിറഞ്ഞു. ഫേസ്ബുക്കിലെ സാറയുടെ ബോട്ടിൽ ആർട്ട് എന്ന പേജിൽ പഠിക്കാൻ ആഗ്രഹിക്കുന്നവരുടെ അന്വേഷണം ഏറിയപ്പോഴാണ് ശില്പശാല നടത്താമെന്ന് തീരുമാനിച്ചത്.
അറിയാം ഡെക്കോപാഷ്
ലോഹം, തടി, ഗ്ളാസ് തുടങ്ങിയവയിൽ ചിത്രങ്ങൾ ഒട്ടിച്ച് അലങ്കാരങ്ങളാക്കുന്ന ഡെക്കോപാഷിന് 12ാം നൂറ്റാണ്ടിൽ ഏഷ്യയിലാണ് തുടക്കം. 17ാം നൂറ്റാണ്ടിൽ യൂറോപ്പിലായിരുന്നു വളർച്ച. ഇറ്റലി, ഫ്രാൻസ്, ഇംഗ്ളണ്ട് എന്നിവിടങ്ങളിലെ ഒഴിവുവിനോദമായി പിന്നീടിത്. നേർത്ത പേപ്പർ നാപ്കിനുകളിലെ ചിത്രങ്ങളെ മോട്ടിഫുകളായി ഒട്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഡെക്കോപാഷിന് മാത്രമായി പ്രൈമർ, നാപ്കിൻ, വാർണിഷ്, പശ തുടങ്ങിയവ വിപണിയിലുണ്ട്.