prostate-cancer

ഇന്ത്യയിൽ പ്രോസ്റ്റേറ്റ് കാൻസർ (പുരുഷ ഗ്രന്ഥിക്കുണ്ടാകുന്ന അർബുദം) താരതമ്യേന കുറവാണ്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ സർവസാധാരണ രോഗങ്ങളിൽ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയിലേതിനെക്കാൾ ഏതാണ്ട് 10 മടങ്ങ് കൂടുതൽ. പ്രോസ്റ്റേറ്റ് കാൻസറിനുള്ള കാരണം വ്യക്തമല്ല. എന്നാലും ഭക്ഷണം ഒരു കാരണമായി വിലയിരുത്തപ്പെടുന്നു. അമിത മാംസ്യമുള്ള ആഹാരം, മാംസം തുടങ്ങിയവ ഇതിലേക്ക് നയിക്കുന്നുണ്ട്. പാശ്ചാത്യ രാജ്യത്ത് സ്ഥിരമായി താമസിക്കുന്ന ഇന്ത്യക്കാരിലും പ്രോസ്റ്റേറ്റ് കാൻസർ സാദ്ധ്യത വർദ്ധിക്കുന്നതായി കാണാം. ജനിതകപരമായ കാരണങ്ങളും രോഗത്തിന് ഇടയാക്കാം. പ്രാഥമിക പരിശോധനയിലൂടെ രോഗം തിരിച്ചറിഞ്ഞാൽ 40 ശതമാനവും ഭേദമാക്കാനാകും. വൈകിയാണ് രോഗനിർണയം നടത്തുന്നതെങ്കിൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാകും. 6 മുതൽ 8 വർഷം വരെ കാലയളവിനുള്ളിൽ തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കണം. അതുകഴിഞ്ഞാൽ കാൻസർ കൂടുതൽ വ്യാപിക്കുകയും ചികിത്സ ഫലപ്രദമല്ലാതാവുകയും ചെയ്യും.

ഒരു വിദഗ്ദ്ധ ഡോക്ടറുടെ പരിശോധനയിലൂടെയും പി.എസ്.എ (പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ) ടെസ്റ്റിലൂടെയും കാൻസർ കോശങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താൻ കഴിയും. 50 വയസ് കഴിഞ്ഞ എല്ലാവരും പ്രോസ്റ്റേറ്റ് സ്ക്രീനിംഗ് നടത്തേണ്ടതാണ്. പ്രോസ്റ്റേറ്റ് വീക്കമാണ് പ്രധാന ലക്ഷണം. എന്നാൽ ലക്ഷണങ്ങളെ അടിസ്ഥാനമാക്കി മാത്രം ഈ രോഗത്തെ തിരിച്ചറിയാനാവില്ല. പ്രാഥമിക ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തിയാൽ ശസ്ത്രക്രിയ, റേഡിയോ തെറാപ്പി എന്നീ ചികിത്സകളിലൂടെ രോഗത്തിന്റെ കാഠിന്യം കുറച്ചു കൊണ്ടുവരാം. പ്രോസ്റ്റേറ്റ് കാൻസർ കോശങ്ങളുടെ വ്യാപനത്തെ സഹായിക്കുന്നത് പുരുഷ ഹോർമോണാണ്. അതിനാൽ പുരുഷ ഹോർമോണിനെ ന്യൂട്രലൈസ് ചെയ്യുന്ന ഹോർമോൺ തെറാപ്പിയും നിർദേശിക്കുന്നുണ്ട്. കാൻസർ കൂടുതൽ വ്യാപിച്ചാൽ കീമോ തെറാപ്പിയിലേക്ക് നിങ്ങേണ്ടിവരും. എന്നാൽ കീമോ തെറാപ്പിക്ക് ഹോർമോൺ തെറാപ്പിയെക്കാൾ പാർശ്വഫലങ്ങൾ കൂടുതലാണ്. പ്രായം, പാരമ്പര്യം, ഭക്ഷ്യശീലങ്ങൾ തുടങ്ങിയവയെല്ലം പ്രോസ്റ്റേറ്റ് കാൻസറിന് കാരണമാകുന്ന ഘടകങ്ങളായി കരുതാം.

ഡോ. ആർ. വിജയൻ

MS, Dip, NB, FRCS (Ed), FRCS (Gl.),

Dip. Urol (Lon)

സീനിയർ കൺസൾട്ടന്റ് യൂറോളജിസ്റ്റ്

സ്പെഷ്യലിസ്റ്റ്സ് ആശുപത്രി, എറണാകുളം

0484 - 2392945