# കച്ചേരിപ്പടിയിൽ അപകടക്കുഴി

# കുഴികൾ സ്കൂളിന് മുൻവശത്ത്

# നിർമ്മിച്ചത് 2017 ൽ

കൊച്ചി : കൊച്ചി നഗരത്തിൽ കേരളത്തിന് തന്നെ മാതൃകയായി മെട്രോ റെയിൽ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച റോഡിലും കുണ്ടും കുഴികൾ രൂപപ്പെട്ടുതുടങ്ങി. രണ്ടരവർഷം പിന്നിട്ടപ്പോഴാണ് റോഡിന് നാശം സംഭവിച്ചുവെന്നാണ് വസ്തുത.

എറണാകുളം നോർത്തിനും കച്ചേരിപ്പടിക്കുമിടയിൽ സെന്റ് ആന്റണീസ് സ്കൂളിന് മുന്നിലാണ് റോഡിൽ കുഴികൾ രൂപപ്പെട്ടത്. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടമുണ്ടാകുന്നതും അവിടെ പതിവായിട്ടുണ്ട്. നോർത്ത് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ സൗത്ത് ഭാഗത്തേയ്ക്ക് ചിറ്റൂർ റോഡിലേയ്ക്ക് തിരിയുന്നതിന് തൊട്ടുമുമ്പാണ് കുഴികൾ. മികച്ച രീതിയിൽ നിർമ്മിച്ച റോഡിലൂടെ വേഗതയിൽ വരുന്ന വാഹനങ്ങൾ കുഴി കണ്ട് പെട്ടെന്ന് വെട്ടിക്കുന്നതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഇരുചക്രവാഹനങ്ങൾ തൊട്ടടുത്ത് എത്തുമ്പോൾ മാത്രമാണ് കുഴി കാണുന്നത്. രണ്ടു വശത്തും ബസുകൾ ഉൾപ്പെടെ വരുന്നതിനാൽ വെട്ടിച്ചുമാറ്റാൻ കഴിയാതെ കുഴിയിൽ വീഴുന്നതും പതിവാണെന്ന് പരിസരത്തെ വ്യാപാരികൾ പറയുന്നു.

# നിർമ്മിച്ചത് 2017 ൽ

മെട്രോ റെയിലിന്റെ പാലാരിവട്ടം മഹാരാജാസ് റൂട്ടിലെ നിർമ്മാണത്തിന്റെ ഭാഗമായി 2017 ലാണ് റോഡ് നവീകരിച്ച് നിർമ്മിച്ചത്. ആധുനികരീതിയിൽ മികച്ച രീതിയിലായിരുന്നു നിർമ്മാണം. ഇതിൽ കുണ്ടും കുഴിയും രൂപപ്പെട്ട് ആഴ്ചകൾ കഴിഞ്ഞെങ്കിലും അറ്റകുറ്റപ്പണി നടത്താൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.

മെട്രോ കടന്നുപോകുന്ന റോഡിന് പുറമെ നഗരത്തിലെ നിരവധി അനുബന്ധ റോഡുകളും മെട്രോ അധികൃതർ നവീകരിച്ചിരുന്നു. ഇവയെല്ലാം കേടുപാടുകൾ കൂടാതെ ഇപ്പോഴുമുണ്ട്. മെട്രോ കടന്നുപോകുന്ന സ്ഥലത്തെ റോഡിലാണ് കുഴികളുണ്ടായത്. മെട്രോയുടെ നിർമ്മാണച്ചുമതല വഹിച്ച ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് റോഡുകളുടെ നിർമ്മാണവും നിർവഹിച്ചത്.

# ശ്രദ്ധയിൽപ്പെട്ടിട്ടില്ല

കച്ചേരിപ്പടയിൽ റോഡിൽ കുണ്ടും കുഴിയുമുണ്ടായത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. മെട്രോയുടെ ഭാഗമായി നവീകരിച്ച റോഡുകൾ കൈമാറിയതാണ്. അറ്റകുറ്റപ്പണി തങ്ങളല്ല ചെയ്യേണ്ടത്.

ഡി.എം.ആർ.സി അധികൃതർ

# ചുമതല പി.ഡബ്ള ്യു.ഡിക്ക്

മെട്രോയുടെ ഭാഗമായി നവീകരിച്ച റോഡുകൾ പൊതുമരാമത്ത് വകുപ്പിന് കൈമാറിയതാണ്. അറ്റകുറ്റപ്പണി ചെയ്യേണ്ടത് വകുപ്പാണ്.

കെ.എം.ആർ.എൽ അധികൃതർ