മൂവാറ്റുപുഴ : മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പിരളിമറ്റം തോട് നീർത്തട പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുള്ള പ്രഥമ ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ. ജോർജ് ഉദ്ഘാടനം ചെയ്തു. മെമ്പർ ഇ.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിലെ 11, 12 വാർഡുകളിലെ 239 ഹെക്ടർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന പിരളിമറ്റം നീർത്തട വികസനത്തിനാവശ്യമായി 1994773 രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. കല്ലുകയ്യാല, കിണർ നിർമ്മാണം, തെങ്ങിൻതടം തുറക്കൽ, ഫലവൃക്ഷ തൈകൾ, മഴക്കുഴി, കിണർ റീചാർജിംഗ്, ജൈവവളം വിതരണം, മഴവെള്ള സംഭരണി എന്നിവയാണ് പദ്ധതികൾ. കൃഷി ഓഫീസർ രാഹുൽ കൃഷ്ണൻ, പ്രൊജക്ട് ഓഫീസർ ഡോ. ജോസ് വട്ടക്കണ്ടം, കുടുംബശ്രീ ചെയർപേഴ്‌സൺ അനിതാറെജി എന്നിവർ സംസാരിച്ചു.