കൊച്ചി : ഗുരുതരമായ നിർമ്മാണപ്പിഴവുകൾ കണ്ടെത്തിയ പാലാരിവട്ടം ഫ്ളെെ ഓവറിന്റെ ഭാവി ഈമാസം പത്തിന് തിരുവനന്തപുരത്തു ചേരുന്ന ഉന്നതതലയോഗം തീരുമാനിക്കും. ചെന്നെെ എെ.എെ.ടിയുടെ റിപ്പോർട്ടും മെട്രോമാൻ ഇ. ശ്രീധരൻ നൽകിയ റിപ്പോർട്ടും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.
യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജി. സുധാകരൻ, ഇ. ശ്രീധരൻ, സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയിലെ അംഗങ്ങൾ എന്നിവർ പങ്കെടുക്കും. പാലം പത്തുമാസം അടച്ചിട്ട് നവീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഏതുവിധത്തിൽ വേണമെന്നത് പത്തിലെ യോഗം തീരുമാനിക്കും. 18.5 കോടി രൂപ പണികൾക്കായി സർക്കാർ അനുവദിച്ചിട്ടുണ്ട്.
ഗതാഗതത്തിന് തുറന്നുകൊടുത്ത് രണ്ടര വർഷം പിന്നിട്ടപ്പോഴാണ് 42 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലാരിവട്ടം ഫ്ളെെ ഓവർ നോക്കുകുത്തിയായി മാറിയത്. ദേശീയ പാതയിൽ നിർമ്മിച്ച ഫ്ളെെ ഓവറിൽ കൂടി സഞ്ചരിക്കാൻ കുറഞ്ഞത് ഒരു വർഷം കാത്തിരിക്കണം. നിർമ്മാണത്തിലെ അപാകം മൂലം ബലക്ഷയം വന്ന ഫ്ളെെ ഓവറിന്റെ 17 സ‌്പാനുകൾ നീക്കി പുതിയത‌് സ്ഥാപിക്കണമെന്നത് ഉൾപ്പെടെ ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ‌് ഇ. ശ്രീധരൻ നിർദ്ദേശിച്ചിട്ടുണ്ട്. അൾട്രാ സൗണ്ട് പ്ളസ് വെല്ലോസിറ്റി ടെസ്റ്റ് നടത്തിയാണ് കോൺക്രീറ്റിന്റെ ശോച്യാവസ്ഥ കണ്ടത്തിയത്
പ്രധാന തകരാറുകൾ
102 ആർ.സി.സി ഗർഡറുകളിൽ 97 ലും വിള്ളൽ. 97 ഗർഡറുകളും പൂർണമായി മാറ്റി സ്ഥാപിക്കണം.
നിർമ്മാണത്തിന് ഉപയോഗിച്ച കോൺക്രീറ്റ് നിലവാരമില്ലാത്തത്.
19 സ‌്പാനുകളിൽ 17 എണ്ണവും മാറ്റണം.
കോൺക്രീറ്റിംഗിന് ആവശ്യമായ തോതിൽ സിമന്റും കമ്പിയും ഉപയോഗിച്ചില്ല.
ബീമുകൾ ഉറപ്പിച്ച ലോഹ ബെയറിംഗുകൾ മുഴുവനും കേടായി.
18 പിയർ ക്യാപ്പുകളിൽആറിലും വിള്ളൽ.മൂന്നെണ്ണം അതീവ ഗുരുതരാവസ്ഥയിൽ. 1, 2, 3, 7,10,12 പിയർ ക്യാപ്പുകളിലാണ് വിള്ളൽ.
ഐ.ഐ.ടി ശുപാർശ
കാർബൺ മാറ്റുകൾ കോൺക്രീറ്റ് പ്രതലത്തിൽ ഒട്ടിച്ചു ബലപ്പെടുത്തുന്ന പുതിയ സാങ്കേതികവിദ്യയായ റീഇൻഫോഴ്സ്ഡ് കാർബൺ ഫൈബർ ഉപയോഗിച്ചു ഗർഡറുകൾ ബലപ്പെടുത്തണം. ഇതുവഴി എത്രത്തോളം ബലം നൽകാൻ കഴിയുമെന്ന കാര്യത്തിൽ കൃത്യമായ പഠനം നടന്നിട്ടില്ല.
രക്ഷകനായി ഇ. ശ്രീധരൻ
കഴിഞ്ഞ മാസം 13 ന് ഇ. ശ്രീധരനെ തിരുവനന്തപുരത്ത് വിളിച്ചു വരുത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളെെ ഓവർ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. കോൺക്രീറ്റ് വിദഗ്ദ്ധൻ മഹേഷ് ഠണ്ടൻ, ചെന്നെെ എെ.എെ.ടിയിലെ പ്രൊഫ. അളകസുന്ദരമൂർത്തി എന്നിവർക്കൊപ്പം അദ്ദേഹം 17 ന് പാലം സന്ദർശിച്ചു.
.