കൊച്ചി : ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയും മൂലം നിർമ്മാണത്തകരാറിലായ പാലാരിവട്ടം ഫ്ളൈ ഓവർ ഗതാഗത യോഗ്യമാക്കാൻ 18.5 കോടി രൂപയുടെ ചെലവും ജനങ്ങൾ വഹിക്കേണ്ടിവരും. ഫ്ളെെ ഓവർ നിർമ്മാണത്തിന് 41.27 കോടിയായി. ഒരു വർഷത്തോളം കാത്തിരിക്കുകയും വേണം.

കരാറുകാരൻ ആർ.ഡി.എസ് പ്രോജക്ട്സിൽ നിന്ന് അറ്റകുറ്റപ്പണിക്കുള്ള തുക ഈടാക്കുമോയെന്ന് വ്യക്തമല്ല. ഉദ്യോഗസ്ഥരും കരാറുകാരും കൈകോർത്ത‌് നടത്തിയ അഴിമതിയാണ് ഫ്ളൈ ഓവറിന്റെ തകരാറിന് കാരണം.

ഇക്കാര്യമാണ് മെട്രോമാൻ ഇ. ശ്രീധരന്റെ റിപ്പോർട്ട‌ിലും വിവരിക്കുന്നത്.

രൂപകല്പന മുതൽ തന്നെ ഗുരുതര പിഴവുകൾ സംഭവിച്ചെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

റോഡ‌്സ‌് ആൻഡ‌് ബ്രിഡ‌്ജസ‌് കോർപറേഷൻ കേരള (ആർ.ബി.ഡി.സി.കെ) യാണ് യു.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് നാനൂറ് ദിനം, നാനൂറ് പാലം പദ്ധതിയിൽപ്പെടുത്തി ദേശീയപാതയിൽ പാലാരിവട്ടം ഫ്ളെെ ഓവർ നിർമിച്ചത‌്. കിറ്റ‌്കോയെ കൺസൾട്ടന്റായും നിയോഗിച്ചു.

ബംഗളൂരുവിലെ നാഗേഷ് കൺസൽട്ടന്റ്സ് ഏറ്റവും ചെലവ് കുറച്ചു നിർമ്മിക്കാവുന്ന ഫ്ളൈ ഓവറാണ് രൂപകല്പന ചെയ്തത്. വീണ്ടും ചെലവ് കുറയ്ക്കാൻ കരാർ ഏറ്റെടുത്ത കമ്പനിയുടെ ശ്രമമാണ് ഫ്ളൈ ഓവറിന്റെ അവസ്ഥയ്ക്ക് കാരണമെന്ന് വിജിലൻസും വിദഗ്ദ്ധ സംഘങ്ങളും കണ്ടെത്തിയിരുന്നു. രൂപകല്പനയിലെ പാളിച്ചകൾ കിറ്റ്കോ ഒരു ഘട്ടത്തിലും ശ്രദ്ധിച്ചില്ലെന്നതും ദുരൂഹമാണ്. ഒറ്റത്തൂണിൽ സംസ്ഥാനത്ത‌് നിർമ്മിച്ച ആദ്യ നാലുവരി മേൽപ്പാലമാണിത്. അതിനനുസൃതമായ രൂപകല്പനയല്ല ഫ്ളൈ ഓവറിന്റേതെന്ന് വിദഗ്ദ്ധ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ചെന്നൈ ഐ.ഐ.ടിയിലെ പ്രൊഫ. അളഗസുന്ദരമൂർത്തി അഞ്ഞൂറിലേറെ പേജുള്ള റിപ്പോർട്ടാണ് ശ്രീധരന‌് നൽകിയത്. പ്രൊഫ. മഹേഷ‌് ഠണ്ടൻ, ശ്രീഹരി കൺസ‌്ട്രക‌്ഷൻസ‌്, ഡി.എം.ആർ.സിയിലെ എൻജിനിയർമാർ എന്നിവരും റിപ്പോർട്ട‌് നൽകി.