കൊച്ചി : സാധാരണക്കാരുടെ ചികിത്സാപദ്ധതിയായ കാരുണ്യ ബെനവലന്റ് പദ്ധതി സർക്കാർ നിറുത്തലാക്കിയതോടെ ജില്ലയിലെ ആയിരക്കണക്കിന് രോഗികൾ ആശങ്കയിലായി. കഴിഞ്ഞ മാസം 29 മുതൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നില്ല. ശസ്ത്രക്രിയയ്ക്ക് ഉൾപ്പെടെ കാത്തിരിക്കുന്ന രോഗികളും ബന്ധുക്കളും ഭയപ്പാടിലാണ്.
മുപ്പതോളം അപേക്ഷകളാണ് സ്വീകരിക്കാനാവാതെ ജില്ലാ ലോട്ടറി ഓഫീസിലുണ്ട്. നിലവിൽ കാരുണ്യപദ്ധതിക്ക് കീഴിൽ ചികിത്സ തേടുന്നവർക്കും സംശയങ്ങളും ആശങ്കയും ഒഴിഞ്ഞിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ എല്ലാ ആരോഗ്യ പരിരക്ഷാ പദ്ധതികളെയും ഒരു കുടക്കീഴിലാക്കുന്ന കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി (കാസ്‌പ്)യിലേക്ക് കാരുണ്യ ബെനവലന്റ് പദ്ധതിയെ ലയിപ്പിക്കുകയായിരുന്നു. കാസ്‌പ് പദ്ധതി അനുസരിച്ച് സർക്കാരിന്റെ ഹെൽത്ത് കാർഡുള്ള രോഗികൾക്ക് 5 ലക്ഷം രൂപ വരെയുള്ള ചികിത്സാസഹായം ആശുപത്രിയിൽ നേരിട്ട് ലഭ്യമാക്കും. ഹെൽത്ത് കാർഡ് ഇല്ലാത്തവർക്ക് ഡിസംബർ വരെ കാരുണ്യ ബെനവലന്റ് പദ്ധതിയിൽ തുടരാം.
കാരുണ്യ ലോട്ടറിയിലെ വരുമാനം പുതിയ പദ്ധതിയിലേക്ക് പോകുമെങ്കിലും രോഗികളുടെയോ ചികിത്സയുടെയോ വിവരങ്ങൾ ലോട്ടറി വകുപ്പിന് അറിയാനാവില്ല.
പ്രതിഷേധിച്ച് ലോട്ടറി ഏജന്റുമാർ
കാരുണ്യ ബെനവലന്റ് പദ്ധതി നിറുത്തലാക്കിയതിനെതിരെ ലോട്ടറി ഏജന്റുമാരും രംഗത്തെത്തി. പദ്ധതി നിറുത്തിയത് ലോട്ടറിയുടെ സാമൂഹിക പ്രതിബദ്ധത തകർക്കുമെന്ന് ഇവർ പറയുന്നു. ഇതേക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായതിന് ശേഷം സമരപരിപാടികൾ ആസൂത്രണം ചെയ്യാനൊരുങ്ങുകയാണ് ഏജന്റുമാർ.
ജില്ലയിൽ മാസം ഏതാണ്ട് 250 രോഗികൾക്കാണ് കാരുണ്യ ബെനവലന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ നൽകിയിരുന്നത്.
കാരുണ്യ അംഗങ്ങൾ : 2,70,000 കുടുംബങ്ങൾ
ചികിത്സ ലഭിച്ചവർ : 1,75,000 കുടുംബങ്ങൾ
പഴയ കാരുണ്യ പദ്ധതി:
മുൻ ധനമന്ത്രി കെ.എം മാണിയുടെ സ്വപ്നപദ്ധതി
പ്രീമിയം ആവശ്യമില്ല
കേരള ലോട്ടറിയിയിലൂടെ സമാഹരിക്കുന്ന പണം സഹായമാക്കുന്നു
ഒരു റേഷൻകാർഡിൽ 2 ലക്ഷം രൂപ വരെ.
ഡയാലിസിസ് പോലുള്ള ചികിത്സകൾക്ക് 3 ലക്ഷം വരെ
അപേക്ഷ കളക്ടറും നോഡൽ ഓഫീസറും രണ്ട് ഡോക്ടർമാരുടെയും സംഘം പരിശോധിച്ച് അനുവദിക്കുന്നു.
എല്ലാ ബി.പി.എൽ കാർഡുടമകളും 3 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള എ.പി.എൽ കാർഡുടമകളും അർഹർ.
പേടി വേണ്ട, ചികിത്സ മുടങ്ങില്ല
'ആശങ്കയ്ക്ക് സ്ഥാനമില്ല. കാരുണ്യ ബെനവലന്റിനേക്കാൾ മെച്ചപ്പെട്ട പാക്കേജാണ് കാസ്പിൽ രോഗികൾക്ക് ലഭിക്കുന്നത്. ഓരോ രോഗത്തിനും ഓരോ പാക്കേജാണുള്ളത്. സർക്കാർ ആശുപത്രിയിൽ ചെലവേറിയ ചികിത്സകളും സൗജന്യമായി തന്നെ ലഭിക്കും. സ്വകാര്യ ആശുപത്രിയുടെ ചികിത്സാചെലവ് അനുസരിച്ച് വ്യത്യാസപ്പെടാം. ഏപ്രിൽ ഒന്നു മുതൽ പുതിയ പദ്ധതി പ്രകാരം ചികിത്സ നൽകിത്തുടങ്ങിയിട്ടുണ്ട്.'
ഡോ. മാത്യൂസ്
ജില്ലാ പ്രോഗ്രാം മാനേജർ
നാഷണൽ ഹെൽത്ത് മിഷൻ